മലപ്പുറത്ത് വൈറല്‍ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

0
188

മലപ്പുറത്ത് എടക്കര പഞ്ചായത്തിൽ വൈറല്‍ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ജില്ലയില്‍ ഒരു മാസത്തിനിടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച്‌ മരിച്ചവരുടെ ഇതോടെ എണ്ണം മൂന്നായി. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളില്‍ കൂള്‍ബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനം മൂന്നാഴ്ചത്തേക്ക് നിയന്ത്രിച്ചിരിക്കുകയാണ്.

രോഗലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഒറ്റമൂലി ചികിത്സ തേടുന്നതിന് പകരം ഡോക്ടർമാരെ സമീപക്കണമെന്നും കുടിവെള്ളത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

രണ്ട് മാസത്തിനുള്ളില്‍ 152 പേരാണ് രോഗ ബാധിതരായത്. വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍.