മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് ആലപ്പുഴയിൽ; കർഷകരുമായി സംവദിക്കും

ക്ഷേമപ്രവർത്തനങ്ങളെ കാര്യക്ഷമമാക്കാൻ വേണ്ട കാര്യങ്ങളെ കുറിച്ചുള്ള ചർച്ചയ്ക്കുള്ള വേദിയായും ചടങ്ങ് മാറും.

0
117

മുഖ്യമന്ത്രി പിണറായി വിജയൻറെ മുഖാമുഖം പരിപാടി ഇന്ന് ആലപ്പുഴ ജില്ലയിൽ നടക്കും. കർഷകരുമായി മുഖ്യമന്ത്രി സംവദിക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ കാംലോട്ട് കൺവെൻഷനൽ സെന്ററിലാണ് പരിപാടി നടക്കുക.

കാർഷിക മേഖലയെ ശക്തിപ്പെടുത്താനും കർഷകർക്കും കർഷകത്തൊഴിലാളികൾക്കും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളൊരുക്കാനും ആവശ്യമായ ഇടപെടലുകളെ കുറിച്ചുള്ള ആശയങ്ങൾ ഈ സംവാദത്തിലുയരും. ക്ഷേമപ്രവർത്തനങ്ങളെ കാര്യക്ഷമമാക്കാൻ വേണ്ട കാര്യങ്ങളെ കുറിച്ചുള്ള ചർച്ചയ്ക്കുള്ള വേദിയായും ചടങ്ങ് മാറും. ഏവരെയും മുഖാമുഖം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ മത്സ്യബന്ധന- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി, രാഷ്ട്രീയ പ്രമുഖർ, കൃഷി-കൃഷി അനുബന്ധ മേഖലയിലെ ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ എന്നിവർ സംബന്ധിക്കും.

സംസ്ഥാനതലത്തിൽ വിവിധ മേഖലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന കർഷകർ, കർഷക തൊഴിലാളികൾ, കാർഷിക സംരംഭകർ, കാർഷിക മേഖലയിലെ അക്കാദമിക് സ്ഥാപനങ്ങൾ, കർഷക- കർഷക തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവരുമായി മുഖ്യമന്ത്രി സംവദിക്കും.