ഗസയിലേക്ക് സഹായവുമായി അമേരിക്ക; ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കും

വെടിവെപ്പില്‍ 104 പേര്‍ കൊല്ലപ്പെട്ടിരുന്നു. 700-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

0
367

ഗസയിലേക്ക് അമേരിക്കൻ സൈന്യം ഭക്ഷണവും, അവശ്യവസ്തുക്കളും എത്തിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഗസയിൽ ഭക്ഷണം കാത്തു നിന്നവർക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്കയുടെ പ്രഖ്യാപനം. അവശ്യവസ്തുക്കൾ എയർ ഡ്രോപ് ചെയ്യുമെന്നും കടൽ മാർഗവും സഹായമെത്തിക്കുമെന്നും ബൈഡൻ അറിയിച്ചു.

ഗസയില്‍ ഭക്ഷണവിതരണകേന്ദ്രത്തില്‍ കാത്തുനില്‍ക്കുകയായിരുന്ന പലസ്തീനികള്‍ക്കു നേരെയാണ് വെടിവെയ്പ്പ് ഉണ്ടായത്. വെടിവെപ്പില്‍ 104 പേര്‍ കൊല്ലപ്പെട്ടിരുന്നു. 700-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.വെടിവെപ്പുണ്ടായ കാര്യം ഇസ്രയേല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.

പരിക്കേറ്റ മുഴുവന്‍ ആളുകളെയും ചികിത്സിക്കാനുള്ള ആരോഗ്യസംവിധാനങ്ങള്‍ ഗാസയിലെ ആശുപത്രികളില്‍ ഇല്ലെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇതിനിടെ ഏഴ് ഇസ്രയേൽ ബന്ദികൾ കൂടി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു.

അതേസമയം, സംഭവത്തെ കൂട്ടക്കൊലയെന്ന് വിശേഷിപ്പിച്ച പലസ്തീന്‍ ആരോഗ്യ മന്ത്രാലയം, ആക്രമണത്തെ അപലപിച്ചിരുന്നു. ഗാസയുടെ പടിഞ്ഞാറന്‍ നബുള്‍സി റൗണ്ട്എബൗട്ടില്‍ ഭക്ഷണത്തിനായി ഭക്ഷണവിതരണം നടത്തുന്ന ട്രക്കുകള്‍ക്ക് അടുത്തേക്ക് വന്നവരെയാണ് സൈന്യം വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.