ബെംഗളൂരു സ്ഫോടനം; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പുറത്ത്

മുഖം മറയ്ക്കുന്ന രീതിയിൽ തൊപ്പിയും മാസ്കും കണ്ണാടിയും ഇയാൾ വച്ചിട്ടുണ്ട്

0
190

ബംഗളൂരു: രാമേശ്വരം കഫേയിലെ സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തൊപ്പിയും ബാഗും ധരിച്ച് ഒരാൾ നടന്നുപോകുന്നതാണ് ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ ഉള്ളയാൾക്ക് 30 വയസ്സോളം പ്രായം തോന്നിക്കും. ഇയാൾ സ്ഫോടനം നടന്ന ഹോട്ടലിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്ന് ബസ്സിറങ്ങി നടന്നു വരുന്ന ദൃശ്യവും ലഭിച്ചു. മുഖം മറയ്ക്കുന്ന രീതിയിൽ തൊപ്പിയും മാസ്കും കണ്ണാടിയും ഇയാൾ വച്ചിട്ടുണ്ട്. പ്രതി തന്റെ കെെയിലെ ബാഗ് കഫേയിൽ വച്ച ശേഷം സ്ഫോടനത്തിന് മുൻപ് അവിടെ നിന്ന് പോയെന്നാണ് പൊലീസ് പറയുന്നത്.

ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നഗരമെമ്പാടും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ഇന്നലെ തന്നെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ ലഭിച്ചുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു. പ്രതിക്കൊപ്പം കണ്ട മറ്റൊരു വ്യക്തിയെ ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

സ്ഫോടനത്തിനു മുൻപ് ഇയാൾ ബാഗ് കഫേയ്ക്കു സമീപം വച്ചു പുറത്തുപോയെന്നാണു പൊലീസ് പറയുന്നത്. ഭക്ഷണം കഴിക്കാനെത്തിയ ആൾ ബാഗ് ഉപേക്ഷിച്ചു മടങ്ങുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നു ലഭിച്ചിട്ടുണ്ട്. ഇയാൾ പണമടച്ച്ഇ ടോക്കൺ എടുക്കുന്നതും ഭക്ഷണം കഴിക്കാതെ പോകുന്ന ദൃശ്യങ്ങളും ലഭിച്ചു. ഇയാൾ പോയി കുറച്ച് കഴിഞ്ഞാണ് കഫേയിൽ സ്ഫോടനം നടന്നത്.

വൈറ്റ്ഫീൽഡിനു സമീപം ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേ ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ സ്ഫോടനത്തിൽ പത്തു പേർക്കാണു പരുക്കേറ്റത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് ആദ്യം സംശയിച്ചെങ്കിലും, ഉപേക്ഷിച്ച നിലയിലുള്ള ബാഗിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിന്നീട് കണ്ടെത്തി. അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായതോടെ ജീവനക്കാരടക്കം ചിതറിയോടി. 3 ജീവനക്കാർക്കും സ്ത്രീക്കും പരുക്കേറ്റു. ഇവർ അപകട നില തരണം ചെയ്തതായി അധികൃതർ പറഞ്ഞു.

സംഭവത്തിൽ എൻഐഎയും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. സ്ഫോടക വസ്തു ഉണ്ടായിരുന്നത് ടിഫിൻ ക്യാരിയറിലായിരുന്നു. ശക്തി കുറഞ്ഞ ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു ബോംബ്. ഡീസൽ ഉപയോഗിച്ചാണോ പ്രവർത്തിപ്പിച്ചതെന്ന് ഫോറൻസിക് പരിശോധനാ ഫലം വന്ന ശേഷമേ വ്യക്തമാകൂ. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളെ കണ്ടേക്കും.