കർണാടകയിൽ ആർത്തവ ശുചിത്വത്തിനായുള്ള ‘ശുചി’ പദ്ധതി കർണാടക സർക്കാർ പുനരാരംഭിച്ചു. സ്‌കൂൾ, കോളേജ് തലത്തിൽ 19 ലക്ഷത്തോളം കൗമാരക്കാരായ പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ വിതരണം ചെയ്തുകൊണ്ടാണ് പദ്ധതി സർക്കാർ പുനരാരംഭിച്ചത്. കഴിഞ്ഞ നാലുവർഷമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന പദ്ധതിയാണ് ബുധനാഴ്ച വീണ്ടും ആരംഭിച്ചത്.
കർണാടക ആരോഗ്യവകുപ്പ് നേരിട്ട് സ്കൂളുകളിൽ സാനിറ്ററി പാഡുകൾ വിതരണത്തിനായി എത്തിക്കും. ഓരോ പായ്ക്കറ്റിലും 10 സാനിറ്ററി നാപ്കിനുകൾ ഉണ്ടായിരിക്കും. കൂടാതെ വിദ്യാർഥിനികൾക്ക് ഒരു വർഷത്തേക്ക് ആവശ്യമായ നാപ്കിനുകളും നൽകും. സംസ്ഥാനത്തെ പെൺകുട്ടികളുടെ ശുചിത്വത്തിനും ആരോഗ്യത്തിനും ഈ പദ്ധതി പ്രധാനമാണെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.
നേരത്തെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മുൻ സംസ്ഥാന സർക്കാരാണ് ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് . എന്നാൽ ഇത്രയും പ്രാധാന്യമുള്ള ഒരു പദ്ധതി പിന്നീട് ബിജെപി സർക്കാർ നിർത്തിവച്ചത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. താൻ ആരോഗ്യമന്ത്രിയായി അധികാരമേറ്റ ശേഷം, പദ്ധതി പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.