‘ഉത്സവപ്പറമ്പുകളിലെ കൊടും വിഷം’; വിൽപ്പന നടത്തുന്ന ചോക്കുമിഠായിയില്‍ മാരക രാസവസ്തുവായ റോഡമിന്‍ ബി കണ്ടെത്തി

പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികള്‍ കണ്ടെത്തിയത്.

0
125

ഉത്സവപറമ്പില്‍ വിൽപ്പന നടത്തുന്ന ചോക്കുമിഠായിയില്‍ മാരക രാസവസ്തുവായ റോഡമിന്‍ ബി കണ്ടെത്തി. മിഠായികള്‍ പോലീസ് പിടികൂടി. പാലക്കാട് മണപ്പുള്ളിക്കാവില്‍ ഉത്സവ പറമ്പില്‍ നിന്നുമാണ് റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടിയത്. പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികള്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ വി ഷണ്മുഖന്റെ നേതൃത്വലായിരുന്നു പരിശോധന.

യു എസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ വെബ്സൈറ്റ് അപകടകാരിയായി വിലയിരുത്തിയ രാസവസ്തുവാണ് റോഡമിന്‍ ബി. വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഇത്. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്. റോഡമിന്‍ ബി ശരീരത്തില്‍ ചെന്നാല്‍ കാന്‍സറും കരള്‍ രോഗങ്ങളും ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്ന ഫുഡ് കളറന്റാണ് ഇത്.

മുളകുപൊടിയിലും മറ്റും വളരെ ചെറിയ അളവില്‍ റോഡിമിന്‍ ബി ഉപയോഗിക്കുന്നതായി കാണപ്പെടാറുണ്ട്. റോഡമിന്‍ബിയുടെ ദീര്‍ഘകാലത്തെ ഉപയോഗം ശരീരകോശങ്ങള്‍ നശിക്കാന്‍ കാരണമാകുമെന്നും പറയപ്പെടുന്നു. റോഡിമിന്‍ ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ഈ രാസവസ്തു കോശങ്ങളില്‍ ഓക്സിഡേറ്റിവ് സ്ട്രെസ് ഉണ്ടാക്കും. പിന്നാലെ കരളിന്റെ പ്രവര്‍ത്തനം താളംതെറ്റുകയും, ക്യാന്‍സറിന് വരെ കാരണമാവുകയും ചെയ്യും. ഒപ്പം, തലച്ചോറിലെ സെറിബെല്ലം കോശങ്ങളിലും ബ്രെയിന്‍ സ്റ്റെമ്മിലും അപോപ്റ്റോസിസിന്റെ വേഗത കൂട്ടുകയും ചെയ്യും.

റോഡമിന്‍ ബിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ അടുത്ത് തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായി നിരോധിച്ചിരുന്നു. റോഡമിന്‍ ബിയുടെ സാന്നിധ്യത്തിന്റെ പേരില്‍ പോണ്ടിച്ചേരിയിലും പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര് തമിഴിസൈ സൗന്ദര്‍രാജന്‍ മുന്‍പ് ഉത്തരവിട്ടിരുന്നു.