കാറിന്റെ ബോണറ്റിൽവെച്ച് കഞ്ചാവ് കടത്ത്, ഒടുവിൽ കഞ്ചാവ് കത്തി; വഴിയരികിൽ കഞ്ചാവ് ഉപേക്ഷിച്ച് മടക്കം, കേസിലെ പ്രതികളിലൊരാൾ പിടിയിൽ

ഫാമിൽ ജോലിക്കെത്തിയ തൊഴിലാളികൾ പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട് സ്ഥലത്തെത്തിയപ്പോഴാണ് കത്തിയ നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

0
153

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ വഴിയരികിൽ അരകിലോയിലധികം വരുന്ന കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലെ പ്രതികളിലൊരാൾ പോലീസ് പിടിയിൽ. പാനൂർ സ്വദേശി ഷഫ്നാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫാം ഹൗസിന് സമീപത്തെ റോഡരികിൽ ഉപേക്ഷിപ്പിക്കട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവിന് തീ പിടിച്ചതോടെ അരകിലോയിലധികം വരുന്ന കഞ്ചാവ് ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ പ്രതികൾ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

കാറിന്റെ ബോണറ്റിൽ വച്ച് കടത്തുന്നതിനിടയിലാണ് കഞ്ചാവിന് തീപിടിച്ചത്. തുടർന്ന് വഴിയരികിൽ കഞ്ചാവ് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഫാമിൽ ജോലിക്കെത്തിയ തൊഴിലാളികൾ പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട് സ്ഥലത്തെത്തിയപ്പോഴാണ് കത്തിയ നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പാത്തിപ്പാലം വള്ളായി സ്വദേശി ഷഫ്നാസിനെയാണ് ആറളം പൊലീസ് കസ്‌റ്റഡിയിലെടുത്തത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്.

ടൗണിൽ സ്ഥാപിച്ച സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രികരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെയും, വാഹനവും തിരിച്ചറിഞ്ഞത്. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.