സമരാഗ്നി സമാപന വേദിയില്‍ തമ്മിലടിച്ച് കെ സുധാകരനും വിഡി സതീശനും ; ‘രണ്ടാളുകള്‍ പ്രസംഗിച്ച് കഴിയുമ്പോള്‍ വേദി കാലിയാകുന്നുവെന്ന് സുധാകരൻ, കനത്ത ചൂടുകാരണം അവര്‍ മടങ്ങിയതാണെന്ന് സതീശൻ’

കനത്ത ചൂടുകാരണം അവര്‍ മടങ്ങിയതാണ് അതില്‍ സുധാകരന് വിഷമം വേണ്ടെന്നും സതീശന്‍ വേദിയില്‍ പറഞ്ഞു.

0
190

സമരാഗ്നി സമാപന വേദിയില്‍ പ്രവര്‍ത്തകര്‍ നേരത്തെ വേദി വിട്ടതില്‍ നീരസമറിയിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രണ്ടാളുകള്‍ പ്രസംഗിച്ച് കഴിയുമ്പോള്‍ വേദി കാലിയാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷങ്ങള്‍ ചിലവഴിച്ച പൊതുയോഗം നടത്തിയിട്ടും കേള്‍ക്കാന്‍ മനസില്ലെങ്കില്‍ എന്തിനു വരുന്നുവെന്നും സമരാഗ്‌നിയുടെ രാഷ്ട്രീയ പ്രാധാന്യം പ്രവര്‍ത്തകര്‍ മനസിലാക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. നിറഞ്ഞിരുന്ന കസേരകള്‍ ശൂന്യമായത് എങ്ങനെയെന്ന് പ്രവര്‍ത്തകരോട് ശകാരിക്കുകയും ചെയ്തു. സമ്മേളനം നടത്തുമ്പോള്‍ മുഴുവന്‍ കേള്‍ക്കാന്‍ പ്രവര്‍ത്തകര്‍ക്ക് മനസുണ്ടാകണമെന്ന് സുധാകരന്‍ പറഞ്ഞു.

അതേസമയം, പ്രവര്‍ത്തകര്‍ വേദി വിട്ടതില്‍ നീരസം പ്രകടിപ്പിച്ച സുധാകരന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. പ്രസിഡന്റിന് ഒരു വിഷമം വന്നുവെന്നും എന്നാല്‍ മൂന്നു മണിക്ക് കൊടും ചൂടില്‍ വന്ന പാവപ്പെട്ട പ്രവര്‍ത്തകരാണ് ഇവിടെയുള്ളതെന്നും സതീശൻ പറഞ്ഞു.

കനത്ത ചൂടിലും 5 മണിക്കൂര്‍ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു, 12 നേതാക്കള്‍ പ്രസംഗിച്ചു, എത്രനേരമെന്ന് വിചാരിച്ചാണെന്നും അഞ്ചു മണിക്കൂറായി പ്രവര്‍ത്തകര്‍ വന്നിട്ടെന്നും സതീശന്‍ പറഞ്ഞു. കനത്ത ചൂടുകാരണം അവര്‍ മടങ്ങിയതാണ് അതില്‍ സുധാകരന് വിഷമം വേണ്ടെന്നും സതീശന്‍ വേദിയില്‍ പറഞ്ഞു.