‘കേരള സര്‍ക്കാരിന് നേട്ടം’; ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്കയച്ച ലോകായുക്താ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു

മുഖ്യമന്ത്രിക്കെതിരേ ലോകായുക്ത വിധിയുണ്ടായാൽ ഗവർണര്‍ക്ക് പകരം നിയമസഭയായിരിക്കും അപ്പലേറ്റ് അതോറിറ്റി.

0
132

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്കയച്ച ലോകായുക്താ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിന് അനുമതി നല്‍കാതെ രാഷ്ട്രപതിക്ക് വിടുകയായിരുന്നു. ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട ബില്ലിനാണിപ്പോള്‍ അനുമതി ലഭിച്ചത്. ഇത് സംസ്ഥാന സര്‍ക്കാരിന് നേട്ടമാണ്. സെക്ഷന്‍ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ബില്ലിനാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയിരിക്കുന്നത്.

ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തത് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയും ഈ ഹര്‍ജി പരിഗണിക്കുന്നതിന്റെ തലേന്ന് ഗവര്‍ണര്‍ ബില്‍ രാഷ്ട്രപതിയ്ക്ക് അയയ്ക്കുകയുമായിരുന്നു. ലോകായുക്ത ഉള്‍പ്പെടെ ഏഴ് ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിട്ടിരുന്നത്. ലോക് പാൽ ബില്ലിന് സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭവൻ ബില്ലിന് അംഗീകാരം നല്‍കിയത്. ബില്ലിന് അനുമതി ലഭിച്ചതോടെ ഗവർണറുടെ അപ്പലേറ്റ് അധികാരം ഇല്ലാതാവും.

മുഖ്യമന്ത്രിക്കെതിരേ ലോകായുക്ത വിധിയുണ്ടായാൽ ഗവർണര്‍ക്ക് പകരം നിയമസഭയായിരിക്കും അപ്പലേറ്റ് അതോറിറ്റി. മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എം.എൽ.എമാർക്കെതിരായ വിധിയിൽ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അതോറിറ്റി. മുഖ്യമന്ത്രിക്ക് എതിരെ ലോകയുക്ത വിധി വന്നാൽ നിയമ സഭക്ക് തള്ളാനുമാകും. ലോകയുക്ത നിയമത്തിലെ 14 ആണ് ഇല്ലാതാകുന്നത്. രാഷ്‌ട്രപതി ഭവൻ തീരുമാനം അനുസരിച്ചു ഇനി ഗവർണർ ബില്ലിൽ ഒപ്പിടും.

2022 ഓഗസ്റ്റിലാണ് ലോകായുക്ത ഭേദഗതി ബില്‍ നിയമസഭ പാസാക്കിയത്. ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്കയച്ച ബില്ലുകളില്‍ സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ ബില്ലാണ് ലോകായുക്ത ഭേദഗതി ബില്‍. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതാണ് ബില്ലെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കിയത് ഗവര്‍ണര്‍ക്കും പ്രതിപക്ഷത്തിനും തിരിച്ചടിയായി.