കേരള യൂണിവേഴ്‌സിറ്റിയുടെ വാട്ടര്‍ ടാങ്കിനുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം പുറത്തെടുത്തു; ഡി എന്‍ എ പരിശോധനയും നടത്തും

0
168

കേരള യൂണിവേഴ്‌സിറ്റിയുടെ വാട്ടര്‍ ടാങ്കിനുള്ളില്‍ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം പുറത്തെടുത്തു. കാര്യവട്ടം ക്യാമ്പസിനുള്ളിലെ പഴയ വാട്ടർ ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് 20 അടി താഴച്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളിൽ പോലീസും അഗ്‌നിരക്ഷാ ഫയര്‍ ഫോഴ്‌സും ഇറങ്ങി അസ്ഥികൂടം പുറത്തെടുത്തത്. ഫോറന്‍സിക് വിദഗ്ധരും പരിശോധനയ്ക്കായി ടാങ്കിനുള്ളില്‍ ഇറങ്ങി.

ഇന്നലെയാണ് ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാര്‍ പ്രദേശം ശുചീകരിക്കാനെത്തിയപ്പോഴാണ് വാട്ടര്‍ ടാങ്കിന്റെ മാന്‍ഹോള്‍ വഴി അസ്ഥികൂടം കണ്ടത്.

ഇന്ന് രാവിലെ ഫോറന്‍സിക്ക് സംഘവും ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി അസ്ഥികൂടം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. 20 അടിതാഴ്ചയുള്ള ടാങ്കില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയശേഷമാണ് സംഘം ഇറങ്ങിയത്. കുറെ നാളായി ടാങ്ക് തുറക്കാത്തതിനാല്‍ തന്നെ ഇതിനുള്ള മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിലുള്ള പരാതികള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിക്കും. ഡി എന്‍ എ പരിശോധനയും നടത്തും. അസ്ഥികൂടം ആരുടേതാണെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.