പട്ടാപ്പകൽ ക്ഷേത്രത്തിൽ മോഷണം ; ബൈക്കിൽ യുവാവിനൊപ്പമെത്തിയ യുവതി കാണിക്ക വഞ്ചികൾ അപഹരിച്ചു

പൂട്ടു പൊളിച്ച് പണം എടുത്ത ശേഷം വഞ്ചികൾ ഒരു കിലോമീറ്റർ അപ്പുറമുള്ള റബർ തോട്ടത്തിൽ ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു.

0
185

കൊല്ലം: പുത്തൂർ മാവടിയിൽ പട്ടാപ്പകൽ ക്ഷേത്രത്തിൽ നിന്നും കാണിക്ക വഞ്ചികൾ മോഷ്ടിച്ചു. ബൈക്കിൽ യുവാവിനൊപ്പമെത്തിയ യുവതിയാണ് നൊടിയിടയിൽ 3 കാണിക്ക വഞ്ചികളുമായി കടന്നുകളഞ്ഞത്. ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് കവര്‍ച്ചാ വിവരം ആദ്യം അറിഞ്ഞത്. മോഷണത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവത്തിൽ പുത്തൂർ പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് മാവടി മഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു മോഷണം നടന്നത്. മൂന്ന് കാണിക്ക വഞ്ചികളാണ് ബൈക്കിലെത്തിയ യുവാവും യുവതിയും മോഷ്ടിച്ചുകൊണ്ടുപോയത്. പൂട്ടു പൊളിച്ച് പണം എടുത്ത ശേഷം വഞ്ചികൾ ഒരു കിലോമീറ്റർ അപ്പുറമുള്ള റബർ തോട്ടത്തിൽ ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു. ക്യാമറയില്‍ പതിയാതിരിക്കാന്‍ മാസ്ക് വച്ചാണ് യുവതി കവര്‍ച്ചക്കെത്തിയത്. മൂന്ന് വഞ്ചികളും ബാഗ് വെച്ച് മറച്ചശേഷം പള്‍സര്‍ ബൈക്കിലെത്തിയ യുവാവ് ക്ഷേത്രത്തിന് മുന്നിലെത്തി യുവതിയെ കൂട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയിൽ പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമാന മോഷണക്കേസുകളിൽ പ്രതികളായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.