മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചുമൂടി

ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ ശേഷം യുവതി താനൂരിലേക്കുള്ള വീട്ടിലേക്ക് മടങ്ങുകയും രാത്രിയില്‍ ആരും കാണാതെ കുഞ്ഞിനെ കുഴിച്ചുമൂടുകയായിരുന്നു

0
211

മലപ്പുറം: മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചുമൂടി. മലപ്പുറം താനൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ താനൂര്‍ ഒട്ടുംപുറം സ്വദേശിനി ജുമൈലത്തിനെ (29) പോലീസ് അറസ്റ്റ് ചെയ്തു. താൻ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് യുവതി പൊലീസിന് മൊഴി നൽകി. ജുമൈലത്ത് നിലവില്‍ ഭര്‍ത്താവില്‍ നിന്ന് അകന്നുകഴിയുകയാണ്.

ഫെബ്രുവരി 26നാണ് കൊലപാതകം നടന്നത്. താനൂര്‍ പൊലീസിന് കഴിഞ്ഞ ദിവസമാണ് കൊലപാതകം സംബന്ധിച്ച വിവരം ലഭിക്കുന്നത്. ഉടൻ തന്നെ ജുമൈലത്തിന്റെ വീട്ടിലെത്തിയ പോലീസ് പരിശോധന നടത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് യുവതി പ്രസവിച്ചത്. ഇതിന് ശേഷം യുവതി താനൂരിലേക്കുള്ള വീട്ടിലേക്ക് മടങ്ങുകയും രാത്രിയില്‍ ആരും കാണാതെ കുഞ്ഞിനെ കുഴിച്ചുമൂടുകയായിരുന്നു.

താനൂര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജുമൈലത്തിന്റെ വീട്ടിലെത്തി പൊലീസ് വിശദമായ പരിശോധനകള്‍ നടത്തിയത്. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നാണ് വിവരം.