സമയോചിത ഇടപെടലിലൂടെ വലിയൊരു ട്രെയിന്‍ ദുരന്തം ഒഴിവായി; ദമ്പതികള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് എംകെ സ്റ്റാലിന്‍

0
216

സമയോചിത ഇടപെടലിലൂടെ വലിയൊരു ട്രെയിന്‍ ദുരന്തം ഒഴിവാക്കിയ സി. ഷണ്‍മുഖം- എസ്. വടക്കത്തിയമ്മാള്‍ ദമ്പതികള്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.

തമിഴ്‌നാട്ടിലെ പുളിയറയിലാണ് സംഭവം നടന്നത്. കേരളത്തില്‍ നിന്ന് പ്ലൈവുഡ് കയറ്റി തൂത്തുക്കുടിയിലേക്ക് വരികയായിരുന്ന ഒരു ട്രക്ക് എസ് ബെന്‍ഡ് പ്രദേശത്ത് വെച്ച് ട്രാക്കിലേക്ക് മറിയുകയായിരുന്നു. ട്രക്കിന്റെ ഡ്രൈവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.

എസ് ബെന്‍ഡ് പ്രദേശത്താണ് ഷണ്‍മുഖവും വടക്കത്തിയമ്മാളും താമസിക്കുന്നത്. ട്രാക്കിലേക്ക് ട്രക്ക് മറിഞ്ഞുവീഴുന്ന ശബ്ദം കേട്ട് ഇവര്‍ രണ്ടുപേരും സംഭവസ്ഥലത്തെത്തി. അപ്പോഴാണ് ദൂരെ നിന്നും ട്രെയിന്‍ വരുന്നത് ദമ്പതികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ തന്നെ ടോര്‍ച്ചും, ചുവന്ന തുണികളും വീശി ഇവര്‍ ട്രാക്കിലേക്ക് എടുത്തുചാടി. അപകടത്തെപ്പറ്റി ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് കൊടുക്കുകയായിരുന്നു ലക്ഷ്യം. ഇതിലൂടെയാണ് വലിയൊരു ട്രെയിന്‍ ദുരന്തം ഒഴിവായത്.

ജീവന്‍ പണയം വെച്ച് ഈ ദമ്പതികള്‍ നടത്തിയ ഇടപെടലിനെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രശംസിച്ചു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇവര്‍ക്ക് അഞ്ച് ലക്ഷം രൂപ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചത്.