ഇസ്രായേൽ ഫലസ്തീൻ യുദ്ധം; ഗാസയിൽ കൊല്ലപ്പെട്ടത് 30,000 പേർ

0
349

ഗാസയിൽ ഇതുവരെ 30,000 ഫലസ്തീനികൾ ഇസ്രായിലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായിലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ ദിവസങ്ങൾക്കകം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഗാസയുടെ വടക്ക് ഭാഗത്ത് ക്ഷാമം രൂക്ഷമാണെന്നാണ് റിപ്പോർട്ട്.

ഗാസ സിറ്റിയിലെ അൽ ശിഫ ഹോസ്പിറ്റലിൽ പോഷകാഹാരക്കുറവ്, നിർജ്ജലീകരണം പട്ടിണി എന്നിവ കാരണം കുട്ടികൾ മരണപ്പെടുന്നുവെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. കൂടുതൽ മരണം തടയുന്നതിന് അന്താരാഷ്ട്ര സംഘടനകൾ നിന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്ര ആവശ്യപ്പെട്ടു.

ഇസ്രായിൽ കൂടുതൽ അതിർത്തികൾ തുറന്നാൽ മാത്രമേ മനുഷ്യത്വപരമായ സഹായം വർദ്ധിപ്പിക്കാൻ കഴിയുകയുള്ളൂവെന്നും ഗാസയിലെ അത്യന്തം വഷളായ സ്ഥിതിഗതികൾ ചൂണ്ടിക്കാട്ടി യുഎസ്എഐഡി മേധാവി സാമന്ത പവർ പറഞ്ഞു. ഇത് ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പ്രശ്നമാണെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പവർ സൂചിപ്പിച്ചു.

യുദ്ധത്തിൽ തകർന്ന ഗാസയിൽ ഒറ്റരാത്രി 79 പേർ മരിച്ചതിന് പിന്നാലെയാണ് യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ ഏറ്റവും പുതിയ കണക്ക് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്.

ഈജിപ്ത്, ഖത്തർ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥരാണ് വെടിനിർത്തൽ കരാരിന് ശ്രമിക്കുന്നത്. റമദാൻ ആരംഭിക്കുന്നതിന് മുമ്പ് കരാറിലെത്താനാകുമെന്ന് മധ്യസ്ഥർ പ്രതീക്ഷിക്കുന്നുണ്ട്.

ഇസ്രായേൽ തടവിലാക്കിയ നൂറുകണക്കിന് ഫലസ്തീൻ തടവുകാർക്ക് പകരമായി ഗാസയിൽ തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദികളെ മോചിപ്പിക്കണമെന്ന നിർദേശമാണ് ചർച്ചയിലുള്ളത്.