നടിയെ ആക്രമിച്ച കേസ്; ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിൻ്റെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു

0
110

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സ്റ്റിസ് സോഫി തോമസിൻ്റെ ബെഞ്ചാണ് സർക്കാരിൻ്റെ ഹർജിയിൽ വിധി പറയുക. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാണ് സർക്കാരിൻ്റെ ആരോപണം. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

2022 ലാണ് കോടതിയിൽ സൂക്ഷിച്ചിരുന്ന നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർത്തപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. ദൃശ്യങ്ങൾ ചോർന്നതായി വിവരം പുറത്തുവന്നതോടെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദൃശ്യങ്ങൾ ചോർന്നത് പ്രത്യേകം അന്വേഷിക്കണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന് ഫോറൻസിക് പരിശോധനയിൽ നേരത്തെ കണ്ടെത്തിയിരുന്നു.

2018 ജനുവരി ഒമ്പതിനും ഡിസംബർ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021ൽ ജൂലൈയിലും ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നും ഫോറൻസിക് പരിശോധന ഫലത്തിൽ കണ്ടെത്തി. വിചാരണക്കോടതിയിൽ സമർപ്പിച്ച മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് ഗുരുതരമായ വിഷയമാണെന്നും കൂടുതൽ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ടിരുന്നു.