പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

ഗസൽ ആലാപാനത്തിന്റെ രജതജൂബിലി പൂർത്തിയാക്കിയ അദ്ദേഹത്തിന്‌ 2006ൽ കേന്ദ്ര സർക്കാർ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു.

0
160

മുംബൈ: പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. നീണ്ട നാളത്തെ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മകൾ നയാബ് ഉദാസ് ആണ് പങ്കജ് ഉദാസിന്റെ മരണ വിവരം സോഷ്യൽ മിഡിയയിലൂടെ അറിയിച്ചത്. ഇന്നു രാവിലെ 11 മണിയോടെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു മരണം. ‘ചിട്ടി ആയി ഹേ’ പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗാതാസ്വാദകരിൽ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ്.

1980ൽ ‘അഹത്’ എന്ന പേരിൽ ഗസൽ ആൽബം പുറത്തിറക്കിക്കൊണ്ടാണ് പങ്കജ് ഉദാസ് തൻ്റെ കരിയർ ആരംഭിച്ചത്. 1981ൽ മുക്രാർ, 1982ൽ തർനം, 1983ൽ മെഹ്ഫിൽ, 84ൽ റോയൽ ആൽബർട്ട് ഹാളിൽ പങ്കജ് ഉദാസ് ലൈവ്, നയബ് തുടങ്ങി നിരവധി ഹിറ്റ് ഗാന റെക്കോർഡുകൾ.

1986ൽ പുറത്തിറങ്ങിയ നാം എന്ന ചിത്രത്തിലെ “ചിത്തി ആയ് ഹേ” എന്ന ഗാനം ഉദാസിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഹിന്ദി, ഉർദു, പഞ്ചാബി, ഗുജറാത്തി, തെലുങ്ക്, മലയാളം ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഗസൽ ആലാപാനത്തിന്റെ രജതജൂബിലി പൂർത്തിയാക്കിയ അദ്ദേഹത്തിന്‌ 2006ൽ കേന്ദ്ര സർക്കാർ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു.

ഗുജറാത്തിലെ ജറ്റ്‌പുർ ഗ്രാമത്തിലാണ് പങ്കജ് ഉദാസ് ജനിച്ചത്. സംഗീതതാൽപര്യമുള്ള കുടുംബമായിരുന്നു പങ്കജിന്റേത്. ജ്യേഷ്‌ഠന്മാർ മൻഹറും നിർമ്മലും സംഗീതത്തിൽ താൽപര്യം കാണിച്ചിരുന്നു. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും അവിസ്മരണീയമായ മെലഡികള്‍ കൊണ്ട് ബോളിവുഡ് പിന്നണിഗാനരംഗത്ത് പുതിയൊരു പാത തന്നെ വെട്ടിത്തുറന്നു.

പങ്കജിന്റെ സംഗീതയാത്രകൾ വിദേശരാജ്യങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ‘ചിട്ടി ആയി ഹേ’ എന്ന ഗസൽ മറുനാടുകളിലുള്ള ഇന്ത്യക്കാരെ ഏറെ ആകർഷിച്ചു. ഇന്ത്യൻ ജീവിതത്തെക്കുറിച്ച് ഗൃഹാതുര സ്‌മരണകൾ ഉണർത്തിയ ഗസലായിരുന്നു അത്.