ആലപ്പുഴയിൽ ഏഴാംക്ലാസുകാരന്‍റെ ആത്മഹത്യ ; രണ്ട് അധ്യാപകർക്കെതിരെ കേസെടുത്ത് പോലീസ്

ക്ലാസിൽ താമസിച്ചു എത്തിയതിന് അധ്യാപകരുടെ ശിക്ഷാനടപടിയിൽ മനം നൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെയും സഹപാഠികളുടെയും മൊഴി

0
129

ആലപ്പുഴ: കാട്ടൂരിലെ ഏഴാംക്ലാസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ കേസെടുത്ത് പോലീസ്. കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പോലീസ് കേസ് എടുത്തത്. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ മറ്റു വകുപ്പുകൾ കൂടി ചുമത്തും എന്ന് പോലീസ് അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് നിലവിൽ ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.

ഫെബ്രുവരി 15നാണ് ആലപ്പുഴ കാട്ടൂരിൽ 13 വയസ്സുകാരൻ പ്രജിത്ത് വീട്ടിൽ ആത്മഹത്യ ചെയ്തത്. സ്കൂൾ വിട്ടു വന്നശേഷം യൂണിഫോമിൽ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അന്നേ ദിവസം, അവസാന പീരീഡില്‍ കാണാതായ പ്രജിത്തിനെയും സഹപാഠി അജയിനേയും അന്വേഷിച്ച് അധ്യാപകർ സ്കൂളിലെ മൈക്കില് അനൗണ്‍സ്മെന‍്റ് നടത്തിയിരുന്നു . തുടര്‍ന്ന് ക്ലാസിലെത്തിയ വിദ്യാര്‍ഥികള്‍ അജയിന് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് വെള്ളം കുടിക്കാന്‍ പോയതാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് വിശ്വസിക്കാതെ അധ്യാപകരായ ക്രിസ്തു ദാസ് , രേഷ്മ,ഡോളി എന്നിവര് ചൂരല് കൊണ്ട് മർദ്ദിക്കുകയും പരസ്യമായി ശാസിക്കുകയും ചെയ്തെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ക്ലാസിൽ താമസിച്ചു എത്തിയതിന് അധ്യാപകരുടെ ശിക്ഷാനടപടിയിൽ മനം നൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെയും സഹപാഠികളുടെയും മൊഴി. ഇതിന്‍റെ അടിസ്ഥനത്തിലാണ് പോലീസ് കേസെടുത്തത്. നേരത്തെ അധ്യാപകരെ സ്കൂൾ മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്തിരുന്നു.