തേങ്ങ പൊളിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി, 12കാരന് രക്ഷകരായി ഫയ‍ർഫോഴ്സ്

കൈ ഉള്ളിൽ അകപ്പെട്ടതോടെ നിലത്തുനിന്നു പൊങ്ങിനിന്ന കുട്ടിയെ മെഷീൻ ഓഫ് ചെയ്ത് അടുത്തുണ്ടായിരുന്നവർ താങ്ങി നിർത്തി.

0
112

മലപ്പുറം: തേങ്ങ പൊളിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ 12കാരനെ സാഹസികമായി രക്ഷപെടുത്തി ഫയർഫോഴ്സ്. തേങ്ങ തള്ളി നീക്കുന്നതിനിടെയാണ് യന്ത്രത്തിൽ വിദ്യാർത്ഥിയുടെ കൈ കുടുങ്ങിയത്. തളങ്ങോടൻ അഹമ്മദ്കുട്ടിയുടെ മകൻ അബ്ദുൽ നാഫിഹിന്റെ (12) കൈ ആണ് യന്ത്രത്തിൽ കുടുങ്ങിയത്. കാവനൂർ ഫ്‌ലോർ മില്ലിൽ തേങ്ങ പൊളിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ കുട്ടിയെ അഗ്‌നിരക്ഷാ സേനയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്.

ഇന്നലെ രാവിലെ 11.45ന് തക്വാബാദിലെ മില്ലിലാണ് സംഭവം. യന്ത്രത്തിലേക്ക് തേങ്ങ തള്ളി നീക്കുന്നതിനിടെ കൈ കുടുങ്ങുകയായിരുന്നു. കൈ ഉള്ളിൽ അകപ്പെട്ടതോടെ നിലത്തുനിന്നു പൊങ്ങിനിന്ന കുട്ടിയെ മെഷീൻ ഓഫ് ചെയ്ത് അടുത്തുണ്ടായിരുന്നവർ താങ്ങി നിർത്തി. അഗ്‌നിരക്ഷാസേനയെത്തി കട്ടർ ഉപയോഗിച്ചു യന്ത്രത്തിന്റെ ഭാഗം അടർത്തി മാറ്റി കൈ പുറത്തെടുക്കുകയായിരുന്നു. അവശനിലയിലായ കുട്ടിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഗ്‌നിരക്ഷാ ഓഫിസർ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ് ഓഫിസർമാരായ അബ്ദുൽ കരീം, സൈനുൽ ആബിദ്, പി.പി.അബ്ദുസമീം, കെ.പി. അരുൺലാൽ, ടി.അഖിൽ, പി.സുരേഷ്, ജോജി ജേക്കബ്, പി.കെ.ജംഷീർ, ദിലീപ്കുമാർ എന്നിവർ നേതൃത്വം നൽകി.