പൊങ്കാലയ്ക്ക് ആശങ്കയായി തലസ്ഥാനത്ത് നേരിയ മഴ; അടുത്ത മൂന്ന് മണിക്കൂറിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ചാറ്റല്‍ മഴ തുടരുകയാണ്

0
112

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആശങ്കയായി തിരുവനന്തപുരം നഗരത്തിൽ നേരിയ മഴ. ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ചാറ്റല്‍ മഴ തുടരുകയാണ്. അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു.

അതേസമയം, ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൊങ്കാലക്കൊരുങ്ങി തലസ്ഥാന നഗരവും പരിസരപ്രദേശങ്ങളും. രാവിലെ 10.30ഓടെ പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടെ ചടങ്ങ് ആരംഭിക്കും.തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയാണ് ശ്രീകോവിലിൽ നിന്ന് ദീപം പകരുന്നത്. പണ്ടാര അടുപ്പിൽ നിന്ന് ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകരുമ്പോൾ അനന്തപുരി യാഗഭൂമിയാകും.

രണ്ടരയ്ക്കാണ് നിവേദ്യം. നിവേദ്യ സമയത്ത് വായുസേനയുടെ ഹെലികോപ്റ്റര്‍ ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി നടത്തും. പൊങ്കാല നിവേദത്തിനായി ക്ഷേത്രത്തിൽ നിന്നും 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട് ആയിരകണക്കിന് സ്ത്രീ ജനങ്ങളാണ് പൊങ്കാല മഹോത്സവത്തിനായി നഗരത്തിൽ എത്തിയിരിക്കുന്നത്.

പുലർച്ചെ മുതൽ തന്നെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഭക്തരുടെ തിരക്കാണ് നഗരം. ക്ഷേത്രത്തിന്റെ സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. റെയിൽവേയും കെഎസ്ആർടിസിയും പൊങ്കാലയോട് അനുബന്ധിച്ച് പ്രത്യേകം സർവീസ് നടത്തും. ഭക്തലക്ഷങ്ങൾക്ക് കുടിനീരും ഭക്ഷണവും നൽകാൻ പ്രദേശവാസികളും സന്നദ്ധ സംഘടനകളും ജില്ലാ ഭരണകൂടവും തയ്യാറായിക്കഴിഞ്ഞു. പൊലീസും ഫയർഫോഴ്സും ആരോഗ്യവകുപ്പും നഗരസഭയും സർവസജ്ജമായി നഗരത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്.