തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരി തിരിച്ചെത്തി ; തൃശൂർ സ്വദേശികളായ 2 പേർ അറസ്റ്റിൽ

അഖിലിനെ ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി പരിചയപ്പെട്ടതെന്നും ഇവര്‍ തമ്മില്‍ രണ്ടുവര്‍ഷമായി പരിചയമുണ്ടെന്നും പൊലീസ് പറയുന്നു.

0
150

തിരുവല്ല: തിരുവല്ലയിൽ നിന്നും കാണാതായ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പെൺകുട്ടി തിരുവല്ല സ്റ്റേഷനിലെത്തിയത്. പെൺകുട്ടിയെ സ്‌റ്റേഷൻ പരിസരത്ത് എത്തിച്ച ശേഷം മുങ്ങിയ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്ന് ബസിൽ നിന്നും പിടികൂടുകയായിരുന്നു.

കെഎസ്ആർടിസി ബസിൽ മടങ്ങുന്നതിനിടെയാണ് പ്രതികളിലൊരാൾ മൂവാറ്റുപുഴയിൽ വച്ച് പിടിയിലാവുകയായിരുന്നു. തൃശൂര്‍ സ്വദേശി അഖിലാണ് അറസ്റ്റിലായത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടംഗ സംഘത്തിലെ രണ്ടാമന് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ഇയാളും പിടിയിലായി. തൃശ്ശൂർ അന്തിക്കാട് നിന്നുമാണ് രണ്ടാമനെ പൊലീസ് പിടികൂടിയത്.

ഇന്നലെ പെൺകുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഒപ്പമുണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്യും. അഖിലിനെ ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി പരിചയപ്പെട്ടതെന്നും ഇവര്‍ തമ്മില്‍ രണ്ടുവര്‍ഷമായി പരിചയമുണ്ടെന്നും പൊലീസ് പറയുന്നു.

വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ സ്കൂളിലേക്ക് പരീക്ഷയ്ക്കായി പോയതായിരുന്നു പെണ്‍കുട്ടി. പിന്നീട് വീട്ടിൽ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം ബന്ധുക്കൾ അറിഞ്ഞത്. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ വിദ്യാർത്ഥിനി രണ്ട് ആൺകുട്ടികളുമായി നടന്നു പോകുന്നതായി കണ്ടെത്തിയിരുന്നു. ഇവരുടെ ചിത്രങ്ങള്‍ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു.