ആറ്റുകാൽ പൊങ്കാല ഇന്ന് ; ഭക്തിനിര്‍ഭരമായി തലസ്ഥാനം, പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരും

ക്ഷേത്രത്തിന്റെ സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. റെയിൽവേയും കെഎസ്ആർടിസിയും പൊങ്കാലയോട് അനുബന്ധിച്ച് പ്രത്യേകം സർവീസ് നടത്തും

0
103

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഇന്ന്. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൊങ്കാലക്കൊരുങ്ങി തലസ്ഥാന നഗരവും പരിസരപ്രദേശങ്ങളും. രാവിലെ 10.30ഓടെ പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടെ ചടങ്ങ് ആരംഭിക്കും.തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയാണ് ശ്രീകോവിലിൽ നിന്ന് ദീപം പകരുന്നത്. പണ്ടാര അടുപ്പിൽ നിന്ന് ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകരുമ്പോൾ അനന്തപുരി യാഗഭൂമിയാകും. ആയിരകണക്കിന് സ്ത്രീ ജനങ്ങളാണ് പൊങ്കാല മഹോത്സവത്തിനായി നഗരത്തിൽ എത്തിയിരിക്കുന്നത്.

പുലർച്ചെ മുതൽ തന്നെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഭക്തരുടെ തിരക്കാണ് നഗരം. ക്ഷേത്രത്തിന്റെ സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. റെയിൽവേയും കെഎസ്ആർടിസിയും പൊങ്കാലയോട് അനുബന്ധിച്ച് പ്രത്യേകം സർവീസ് നടത്തും. ഭക്തലക്ഷങ്ങൾക്ക് കുടിനീരും ഭക്ഷണവും നൽകാൻ പ്രദേശവാസികളും സന്നദ്ധ സംഘടനകളും ജില്ലാ ഭരണകൂടവും തയ്യാറായിക്കഴിഞ്ഞു. പൊലീസും ഫയർഫോഴ്സും ആരോഗ്യവകുപ്പും നഗരസഭയും സർവസജ്ജമായി നഗരത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്.

രണ്ടരയ്ക്കാണ് നിവേദ്യം. നിവേദ്യ സമയത്ത് വായുസേനയുടെ ഹെലികോപ്റ്റര്‍ ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി നടത്തും. പൊങ്കാല നിവേദത്തിനായി ക്ഷേത്രത്തിൽ നിന്നും 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. രാത്രി 7.30-ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. 606 ബാലന്മാരാണ് കുത്തിയോട്ടത്തിനു വ്രതംനോക്കുന്നത്. രാത്രി 11-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. തൃക്കടവൂർ ശിവരാജു എന്ന കൊമ്പനാണ് ദേവിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ടം, സായുധ പൊലീസ്, പഞ്ചവാദ്യം, കലാരൂപങ്ങൾ എന്നിവ അകമ്പടിയാകും. തിങ്കളാഴ്ച പുലർച്ചെ മണക്കാട് ശാസ്താക്ഷേത്രത്തിൽ ഇറക്കിപ്പൂജയ്ക്കു ശേഷം മടക്കിയെഴുന്നള്ളത്ത്. 12.30-ന് നടക്കുന്ന കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും.