പ്രസവത്തിനിടെ വീട്ടിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം ; പ്രതിയുടെ ആദ്യ ഭാര്യക്കും പങ്കുണ്ടോയെന്ന് സംശയം, വ്യാജ ചികിത്സ നൽകിയ ഷിഹാബുദീനെ കസ്റ്റഡിയിൽ വാങ്ങും

ചികിത്സ കിട്ടാതെ നയാസിന്‍റെ ഭാര്യ ഷെമീറ മരിക്കുന്ന സമയത്ത് വീട്ടിൽ ആദ്യ ഭാര്യയും മകളുമുണ്ടായിരുന്നു.

0
121

തിരുവനന്തപുരം: നേമം കാരക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ ചികിത്സകിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതിയുടെ ആദ്യ ഭാര്യക്കും പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി പോലീസ് . ഇത് വിശദമായി പരിശോധിക്കും. ചികിത്സ നിഷേധിക്കാൻ കൂട്ടു നിന്നെന്ന് തെളിഞ്ഞാൽ പ്രതി ചേർത്തേക്കുമെന്നും പോലീസ് അറിയിച്ചു.

അതേസമയം, കേസിലെ പ്രതിയായ നയാസിന്‍റെ കസ്റ്റഡി ഇന്ന് അവസാനിക്കും. നയാസിന്‍റെ കസ്റ്റഡി നീട്ടാനുള്ള അപേക്ഷയും പൊലീസ് നല്‍കിയേക്കും. വ്യാജ ചികിത്സ നൽകിയ ഷിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ചികിത്സ നൽകാതെ ഭ‍ർത്താവ് നയാസും, അക്യുപങ്ചർ ചികിത്സകൻ ഷിഹാബുദ്ദീനും ചേർന്ന് സ്ത്രീയെ മരണത്തിലേക്ക് തള്ളി വിട്ടുവെന്നാണ് കേസ്. ഇന്നലെ അറസ്റ്റിലായ ഷിഹാബുദ്ദീൻ റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

ചികിത്സ കിട്ടാതെ നയാസിന്‍റെ ഭാര്യ ഷെമീറ മരിക്കുന്ന സമയത്ത് വീട്ടിൽ ആദ്യ ഭാര്യയും മകളുമുണ്ടായിരുന്നു. ഇവ‍‍ർക്കും മരണത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. ആദ്യ ഭാര്യയുടെയും മകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനെ ഇവരും തടഞ്ഞിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനാണ് നയാസിനെ വിശദമായി ചോദ്യം ചെയ്യുന്നത്. ചികിത്സ നിഷേധിക്കുന്നതിൽ ആദ്യ ഭാര്യക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ പൊലീസ് പ്രതിചേർക്കും.