‘പൊങ്കാലച്ചൂടിൽ തലസ്ഥാനം’ ; ആറ്റുകാൽ പൊങ്കാല നാളെ, ക്ഷേത്രത്തിലേക്ക് ജനപ്രവാഹം

ഞായറാഴ്ച രാവിലെ 10-ന് ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാല ചടങ്ങുകൾ ആരംഭിക്കും.

0
193

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി. നാളെ രാവിലെ 10.30ഓടെ പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടെ ചടങ്ങ് ആരംഭിക്കും. ദിവസങ്ങൾക്ക് മുമ്പേയെത്തി ദേവീ സന്നിധിയിൽ അടുപ്പു കൂട്ടി നാളത്തെ പുണ്യദിനത്തിനായുള്ള കാത്തിരിപ്പിലാണ് ഭക്തർ. ആയിരകണക്കിന് സ്ത്രീ ജനങ്ങളാണ് പൊങ്കാല മഹോത്സവത്തിനായി നഗരത്തിൽ എത്തുക. ഒരു വർഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് സ്ത്രീകൾ നാളെ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കുന്നത്.

ഞായറാഴ്ച രാവിലെ 10-ന് ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. മുന്നിലെ പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടും. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നൂവെന്നാണ് വിശ്വാസം. പാട്ടുതീരുമ്പോൾ സഹ മേൽശാന്തി വലിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലേക്കും അഗ്നി പകരുമ്പോൾ മുഴങ്ങുന്ന ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും ഭക്തർ ഒരുക്കിയ അടുപ്പുകൾ ജ്വലിപ്പിക്കാനുള്ള വിളംബരമാകും. പണ്ടാര അടുപ്പിൽ നിന്ന് കത്തിക്കുന്ന ദീപമാണ് കിലോമീറ്ററുകളോളം നിരന്ന അടുപ്പുകളിലേക്ക് പകരുക.

ഉച്ചയ്ക്ക് 2 30ന് ഉച്ചഭോജിയും പൊങ്കാല നിവേദവും ദീപാരാധനയും നടക്കും. പൊങ്കാല നിവേദത്തിനായി ക്ഷേത്രത്തിൽ നിന്നും 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. രാത്രി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. 27 ന് പുലർച്ചെ 12.30 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

വിപുലമായ മുന്നൊരുക്കങ്ങളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. ക്ഷേത്രത്തിലും നഗരത്തിലുമായി രണ്ടായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് ആവശ്യമായ സുരക്ഷയൊരുക്കും. പൊങ്കാലയ്ക്ക് ക‍ഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായതിലും കൂടുതൽ ഭക്തജനങ്ങൾ ദർശനത്തിനായി എത്തുമെന്നാണ് പ്രതീക്ഷ. ഇതിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഇന്നലെ വൈകുന്നേരം മുതൽ നഗരത്തിൻെറ പല സ്ഥലങ്ങളിലായി പൊങ്കാല അർപ്പിക്കാനായി സ്ഥലങ്ങള്‍ ക്രമീകരിച്ചു കഴിഞ്ഞു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നഗരസഭയും പൊലിസും അറിയിച്ചു. കനത്ത ചൂടായതിനാൽ കുടിവെള്ള വിതരണത്തിനായി നഗരസഭയും വിവിധ സംഘടനകളും കൂടുതൽ സജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.

ഇന്ന് ഉച്ചമുതൽ നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രമുണ്ട്. ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിലേക്കുള്ള റോഡിന്‍റെ ഇരുവശങ്ങളിലായി പാർക്കിംഗും നിരോധിച്ചിട്ടുണ്ട്. കെഎസ്ആർടിസിയും റെയിൽവേ പ്രത്യേക സർവീസും നടത്തും. തിളക്കുന്ന വേനൽചൂട് വകവയ്ക്കാതെ പൊങ്കാലത്തിരക്കിലാണ് ആറ്റുകാൽ ക്ഷേത്ര പരിസരം. പൊങ്കാല തീയതി അടുത്തതോടെ നേരവും കാലവും കാലാവസ്ഥയുമൊന്നും പ്രശ്നമാക്കാതെ ക്ഷേത്രത്തിലേക്ക് അണമുറിയാത്ത ജനപ്രവാഹം തുടരുകയാണ്.