ദുബൈ നഗരത്തിലെ പൈതൃക പ്രദേശങ്ങളിലേക്ക് യാത്ര സുഗമമാക്കുന്നത് ലക്ഷ്യമിട്ട് നിർമിച്ച ദേരയിലെ ഓൾഡ് സൂഖ് മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ തുറന്നു. ക്രീക്കിന് രണ്ട് ഭാഗത്തേക്കും യാത്ര എളുപ്പമാക്കുന്ന സ്റ്റേഷന്റെ നിർമാണം പൂർത്തിയാക്കി തുറന്നത് റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നവീകരണം പൂർത്തിയാക്കിയ ഓൾഡ് ബലദിയ സ്ട്രീറ്റിനെയും ഗോൾഡ് സൂഖിനെയും അൽ ഫഹീദി, ബർ ദുബൈ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്നതുമാണിത്. ദുബൈയിലെ വിനോദസഞ്ചാരികളുടെ വർധനക്കനുസരിച്ച് വിവിധ മേഖലകൾ വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് യാത്ര എളുപ്പമാക്കുന്ന സ്റ്റേഷൻ നിർമാണം പൂർത്തിയാക്കിയത്.
ബർദുബൈ മോഡൽ സ്റ്റേഷൻ ആദ്യഘട്ടത്തിൽ വികസിപ്പിച്ചതിന് സമാനമായാണ് ദേരയിൽ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ നവീകരണം പൂർത്തിയാക്കിയതെന്ന് ആർ.ടി.എ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി സി.ഇ.ഒ അഹമദ് ഹാഷിം ബഹ്റോസിയാൻ പറഞ്ഞു. സാംസ്കാരികമായ പ്രത്യേകതകൾ സംരക്ഷിക്കുക, ഉപയോക്താക്കൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, വിശ്രമസ്ഥലങ്ങളുടെ വിപുലീകരണം, അബ്ര യാത്രക്കാർക്ക് ആവശ്യമായ റീട്ടെയ്ൽ ഔട്ലെറ്റുകൾ നിർമിക്കുക എന്നിവ പദ്ധതിയിൽ പ്രത്യേകം പരിഗണിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈയിൽ ഓരോ വർഷവും 1.7 കോടി പേർ സമുദ്രഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. ഇവരിൽ വലിയ വിഭാഗം ദുബൈയുടെ പൈതൃകത്തിന്റെ ഭാഗമായ അബ്രകൾ ഉപയോഗിക്കുന്നവരുമാണ്. അബ്ര യാത്രക്കാർക്കാണ് ദേര മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ വലിയ രീതിയിൽ ഉപകാരപ്പെടുക. ദുബൈ ക്രീക്കിനെയും അറേബ്യൻ കടലിനെയും ബന്ധിപ്പിക്കുന്ന ദുബൈ വാട്ടർ കനാൽ തുറന്നശേഷം നഗരത്തിലെ സമുദ്ര ഗതാഗത രംഗം വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്.