പുതിയ മാറ്റവുമായി ഇൻസ്റ്റാഗ്രാം; ഫീഡിൽ ഇനി രാഷ്ട്രീയ ഉള്ളടക്കങ്ങൾ നിർദേശമായി ലഭിക്കില്ല

രാഷ്ട്രീയ ഉള്ളടക്കമടങ്ങിയ പോസ്റ്റുകള്‍ കാണാന്‍ കാണാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളാണെങ്കില്‍ അക്കാര്യം തെരഞ്ഞെടുക്കാന്‍ സെറ്റിങ്സില്‍ അവസരമൊരുക്കും

0
100

ന്യൂയോര്‍ക്ക്: ഇൻസ്റ്റാഗ്രാം, ത്രെഡ്‌സ് സോഷ്യൽ മീഡിയ ആപ്പുകൾ ഇനിമുതൽ ഉപയോക്താക്കൾക്ക് അവരുടെ അനുമതിയില്ലാതെ രാഷ്ട്രീയ ഉള്ളടക്കം ശിപാർശ ചെയ്യില്ല. രണ്ടു പ്ലാറ്റ്ഫോമുകളുടെയും ഉടമസ്ഥാവകാശമുള്ള മെറ്റയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇൻസ്റ്റാഗ്രാമും ത്രെഡും എല്ലാവർക്കും മികച്ച അനുഭവമാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. രാഷ്ട്രീയ ഉള്ളടക്കം പോസ്‌റ്റ് ചെയ്യുന്ന അക്കൗണ്ടുകൾ പിന്തുടരാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ അതില്‍ ഞങ്ങള്‍ ഇടപെടില്ല. എന്നാൽ നിങ്ങൾ പിന്തുടരാത്ത അക്കൗണ്ടുകളിൽ നിന്നുള്ള രാഷ്ട്രീയ ഉള്ളടക്കം ഞങ്ങൾ ശിപാര്‍ശ ചെയ്യില്ല- മെറ്റ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ രാഷ്ട്രീയ ഉള്ളടക്കമടങ്ങിയ പോസ്റ്റുകള്‍ കാണാന്‍ കാണാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളാണെങ്കില്‍ അക്കാര്യം തെരഞ്ഞെടുക്കാന്‍ സെറ്റിങ്സില്‍ അവസരമൊരുക്കും. ഇതെ നിയന്ത്രണം ഫേസ്ബുക്കിലും പിന്നീട് കൊണ്ടുവരും. നിയമങ്ങൾ പോലെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടത്, തെരഞ്ഞെടുപ്പുകള്‍, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയവയേയാണ് രാഷ്ട്രീയ ഉള്ളടക്കങ്ങളായി ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും കൂടുതല്‍ വ്യക്തത വരുത്തുന്നില്ല.

രാഷ്ട്രീയ ഉള്ളടക്കങ്ങൾക്ക് പുറമെ റീലുകളും മറ്റുമാണ് ശിപാർശകളായി ഇൻസ്റ്റഗ്രാം ഫീഡിൽ എത്താറുള്ളത്. ഇവ തുടർന്നും ലഭിക്കും. അതേസമയം ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യല്‍മീഡിയ ആപ്പുകളിലും രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം ഉണ്ട്.

”രാഷ്ട്രീയ ഉള്ളടക്കം കുറക്കണമെന്നാണ് ആളുകൾ ഞങ്ങളോട് പറയുന്നത്. അതിനാൽ രാഷ്ട്രീയ ഉള്ളടക്കത്തിൻ്റെ അളവ് കുറയ്ക്കുന്നതിനായി ഞങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫേസ്ബുക്കില്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നുണ്ടെന്നും മെറ്റ വ്യക്തമാക്കുന്നു. അതേസമയം പുതിയ മാറ്റങ്ങള്‍ എന്ന് മുതല്‍ നടപ്പില്‍ വരും എന്ന് മെറ്റ വ്യക്തമാക്കുന്നില്ല.