സമരം ചെയ്തതിനു സസ്പൻഡ് ചെയ്യാൻ നീക്കം ; 3 നില കെട്ടിടത്തിന് മുകളില്‍ കയറി 30ലധികം നിയമ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ ഭീഷണി

കോളേജിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുള്ള നിക്കത്തിൽ പ്രതിഷേധിച്ചാണ് കുട്ടികളുടെ ഭീക്ഷണി

0
198

ഇടുക്കി: കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി നിയമ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ ഭീഷണി. തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയത്. കോളേജിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുള്ള നിക്കത്തിൽ പ്രതിഷേധിച്ചാണ് കുട്ടികളുടെ ഭീക്ഷണി. കോളേജിലെ 30ലധികം വിദ്യാര്‍ത്ഥികളാണ് കോളേജിന്‍റെ മൂന്നിനില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് കെട്ടിടത്തിന് മുകളില്‍ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്. നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ ഒരു കുട്ടിക്ക് വേണ്ടി തിരുമറി നടത്തിയെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഇവര്‍ സമരം നടത്തിയിരുന്നു. ഇതിനുപിന്നാലെ സമരത്തിന് നേതൃത്വം നല്‍കിയ ഏഴു പേരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. പ്രശ്ന പരിഹാരത്തിനായി തൊടുപുഴ ഡിവൈഎസ്പി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. സ്ഥലത്ത് ഫയര്‍ഫോഴ്സെത്തി താഴെ വല വിരിച്ചു നില്‍ക്കുകയാണ്.