ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റ് ; എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ജാമ്യം

ഇതിനിടെ ജാമ്യത്തിലിറങ്ങിയ ഷൈജ ആണ്ടവന് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി കാണിച്ചു. കോടതിയിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോഴായിരുന്നു സംഭവം

0
143

ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ട കേസിൽ എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ജാമ്യം ലഭിച്ചു. കോഴിക്കോട് കുന്നമംഗലം കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതിയിൽ നേരിട്ട് ഹാജരായ ശേഷം ഷൈജ ആണ്ടവൻ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. കേസിൽ പൊലീസ് നേരത്തെ ചോദ്യം ചെയ്യുകയും ഷൈജയുടെ ഫോൺ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമെന്നാണ് ഷൈജ ആണ്ടവൻ കമന്റിട്ടത്. ഇതാണ് പിന്നീട് വിവാദമായത്.

ഇതിനിടെ ജാമ്യത്തിലിറങ്ങിയ ഷൈജ ആണ്ടവന് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി കാണിച്ചു. കോടതിയിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. കുന്ദമംഗലം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജിനീഷ് കുറ്റിക്കാട്ടൂരിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ കൃഷ്ണരാജ് എന്ന പ്രൊഫൈലിൽനിന്ന് പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിനു താഴെയായിരുന്നു ഷൈജ കമന്റിട്ടത്. ഗോഡ്സെയെ പ്രകീർത്തിച്ചതിൽ ഉറച്ചുനിന്ന അധ്യാപിക പ്രതിഷേധം ശക്തമായപ്പോൾ കമന്റ് പിൻവലിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുന്നമംഗലം പൊലീസ് നേരത്തെ ഷൈജ ആണ്ടവന്റെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.

കലാപ ആഹ്വാനത്തിന് ഇവർക്കെതിരെ കേസെടുത്തെങ്കിലും പൊലീസ് നടപടി വൈകുന്നതില്‍ വിദ്യാര്‍ഥി യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിലായിരുന്നു പൊലീസ് ചോദ്യം ചെയ്യല്‍. കമന്റിട്ടത് താന്‍ തന്നെയെന്ന് ഷൈജ ആണ്ടവന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ആരെയും അവഹേളിക്കാന്‍ ഉദ്ദേശിച്ചില്ലെന്നായിരുന്നു ഷൈജ ആണ്ടവന്റെ വാദം.