കേന്ദ്രം സംസ്ഥാനത്തെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു, കേസ് പിൻവലിച്ചില്ലെങ്കിൽ തരാനുളളത് തരില്ലെന്ന് കേന്ദ്രം ; മന്ത്രി കെ എന്‍ ബാലഗോപാല്‍

13000 കോടി രൂപയോളം കേരളത്തിന് കേന്ദ്രം തരാനുണ്ട്. അങ്ങേയറ്റം ഭരണഘടന വിരുദ്ധ നിലപാടാണിത്.

0
155

തിരുവനന്തപുരം : സുപ്രീംകോടതിയെ സമീപിച്ചതോടെ കേരളത്തെ കേന്ദ്രം ഭീഷണിപ്പെടുത്തുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. നല്‍കാനുള്ള പണം നല്‍കണമെങ്കില്‍ കേസ് പിന്‍വലിക്കണം എന്നതാണ് കേന്ദ്രത്തിന്റെ നിലപാട് എന്നാല്‍ ഭരണഘടനയെ അംഗീകരിക്കാത്ത നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്, ഒരു കേസ് കൊടുത്തില്ലെങ്കിലും ലഭിക്കേണ്ടതിനെ കുറിച്ചാണ് സംസ്ഥാനം പറയുന്നത്, കേസുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിന് താല്പര്യമില്ലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തിനെതിരെ നടത്തിയ സമരം എൽഡിഫ് മാത്രമല്ല നടത്തിയത്. വിവിധ സംസ്ഥാനങ്ങൾ സമരം ചെയ്തു.ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കാനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചർച്ച ചെയ്ത് തീർത്തു കൂടെ എന്ന് കോടതി വരെ ചോദിച്ചു. അതിന് ശേഷമാണ് കേന്ദ്രം ചർച്ചക്ക് തയ്യാറായത്. സംസ്ഥാനത്തിന്റെ ഏറ്റവും ന്യായമായ അവകാശം പോലും ഹനിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത്.കോടതി ഇക്കാര്യങ്ങള്‍ പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ തന്നെ വല്ലാത്ത ബുദ്ധിമുട്ടിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും കേന്ദ്രം സംസ്ഥാനത്തെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിന് പണം ലഭിക്കണമെങ്കിൽ ഹർജി പിൻവലിക്കണമെന്നാണ് കേന്ദ്ര നിലപാട്. 13000 കോടി രൂപയോളം കേരളത്തിന് കേന്ദ്രം തരാനുണ്ട്. അങ്ങേയറ്റം ഭരണഘടന വിരുദ്ധ നിലപാടാണിത്. കേന്ദ്രം സംസ്ഥാനത്തിന് നേരെ മർക്കട മുഷ്ടി കാണിക്കുന്നു. കേസ് പിൻവലിച്ചില്ലെങ്കിൽ തരാനുള്ളത് തരില്ലെന്നാണ് പറയുന്നത്. ഇത് ബ്ലാക്ക് മെയിലിംഗാണ്. 13,000കോടി നൽകാനുണ്ടെന്നത് കേന്ദ്രം അംഗീകരിക്കുന്നു. ഫെബ്രുവരി മാർച്ച് മാസങ്ങൾ പേമെൻ്റ് കൂടുതലുള്ള മാസങ്ങളാണ്. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന സ്ഥിതി. പണം കിട്ടാതായതോടെ കോടതിയെ സമീപിക്കുമ്പോൾ ഭീഷണിപ്പെടുത്തുകയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.