ബിജെപിക്ക് വൻ തിരിച്ചടി; ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് ഫലം സുപ്രീം കോടതി റദ്ദാക്കി , എഎപി-കോൺഗ്രസ് സഖ്യത്തിന് ജയം

ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച കോടതി വരാണാധികാരിക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു

0
164

ദില്ലി : ചണ്ഡിഗഢ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. തിരഞ്ഞെടുപ്പിന്റെ ഫലം സുപ്രീം കോടതി റദ്ദാക്കി. ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച കോടതി വരാണാധികാരിക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു. പിന്നാലെ കേസിലെ ഹർജിക്കാരൻ കൂടിയായ എഎപി മേയർ സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ തിരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിച്ചു. റിട്ടേണിംഗ് ഓഫീസർ അനിൽ മസിഹ് അസാധുവാക്കിയ എട്ട് ബാലറ്റുകൾ സാധുവാണെന്നും അവ എഎപിയുടെ മേയർ സ്ഥാനാർത്ഥി കുൽദീപ് കുമാറിന് അനുകൂലമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

ബാലറ്റ് അസാധുവാക്കാൻ വരണാധികാരി ശ്രമിച്ചുവെന്ന് കണ്ടെത്തിയ സുപ്രീംകോടതി, കോടതിയെ തെറ്റിധരിക്കാൻ കളളം പറഞ്ഞ ബിജെപി നേതാവായ വരണാധികാരി അനിൽ മസിക്കെതിരെ നടപടിക്കും നിർദ്ദേശിച്ചു. ബാലറ്റുകൾ വികലമായിരുന്നില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബാലറ്റ് കുത്തിവരച്ച് വികൃതമാക്കിയ വാരാണാധികാരിയുടേത് കുറ്റകരമായ പെരുമാറ്റമാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ജനുവരി 30ന് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 16 വോട്ടും ആംആദ്മിക്ക് 12 വോട്ടുമാണ് ലഭിച്ചത്. ചണ്ഡീഗണ്ഡിലെ എട്ട് വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കോൺഗ്രസും ആംആദ്മിയും തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചത്. എന്നാൽ മേയർ തിരഞ്ഞെടുപ്പിൽ വരണാധികാരി കോൺഗ്രസ്-ആംആദ്മി പാർട്ടി സഖ്യത്തിന്റെ എട്ട് വോട്ടുകൾ അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിച്ചു. ഇതോടെയാണ് ബിജെപി സ്ഥാനാർത്ഥി മനോജ് സോങ്കർ മേയറായി ജയിച്ചത്.