പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം. ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കെട്ടിയ പശുവിനെ പിടികൂടി. പശുവിന്റെ ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവ കടന്നുകളഞ്ഞു. വീട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവയും പശുക്കിടാവും ചാണകക്കുഴിയില്‍ വീണു. ഇവിടെ നിന്ന് സമീപത്തെ തേട്ടത്തിലേക്ക് കടുവ കയറിപ്പോയി. കടുവയെ കണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. സമീപത്തെ കാല്‍പ്പാടുകളില്‍ നിന്ന് കടുവയാണെന്ന് വ്യക്തമായി തിരിച്ചറിയാന്‍ കഴിയും.
ഈ വീടിന്‍റെ സമീപപ്രദേശമായ അമ്പത്തിയാറിലാണ് കഴിഞ്ഞ ദിവസം കാളക്കുട്ടിയെ കടുവ കടിച്ച് കൊന്നത്. ഇന്നലെ രാത്രി വാഴയില്‍ അനീഷ് എന്ന പ്രദേശവാസി കടുവയ്ക്ക് മുന്നില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബൈക്കില്‍ പോകുമ്പോള്‍ കടുവ മുന്നിലെത്തുകയായിരുന്നു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനീഷിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.