ഏകമകൾ കാമുകനൊപ്പം ഒളിച്ചോടി, മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി; മൃതദേഹം മകളെ കാണിക്കരുതെന്ന് ആത്മഹത്യാ കുറിപ്പ്

മകളുടെ പ്രണയം ദമ്പതികൾ ആദ്യമേ എതിർത്തിരുന്നു. എന്നാൽ ഇതുവകവയ്ക്കാതെ പെൺകുട്ടി കാമുകനൊപ്പം പോകുകയായിരുന്നു.

0
225

കൊല്ലം : ഏകമകൾ കാമുകനൊപ്പം ഇറങ്ങിപ്പോയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. അമിതമായി ഗുളിക കഴിച്ച് ഇരുവരും ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു വെള്ളിയാഴ്ച രാത്രിയും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയും മരണത്തിന് കീഴടങ്ങി.

കഴിഞ്ഞ ദിവസമാണ് ദമ്പതികളുടെ ഏകമകൾ കാമുകനൊപ്പം ഒളിച്ചോടിയത്. മകൾ പോയതിനുശേഷം ദമ്പതികൾ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇക്കാര്യം ബന്ധുക്കളോടും പറഞ്ഞിരുന്നു. വെള്ളിയാഴ്ചയാണ് ദമ്പതികളെ അമിതമായ അളവിൽ ഗുളിക കഴിച്ച്‌ അവശനിലയിൽ കണ്ടെത്തിയത്. അന്ന് തന്നെ ബിന്ദു മരിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു ഉണ്ണികൃഷ്ണ പിള്ളയുടെ മരണം.

ഉണ്ണികൃഷ്ണ പിള്ള വൃക്കരോഗിയാണ്. മകളുടെ പ്രണയം ദമ്പതികൾ ആദ്യമേ എതിർത്തിരുന്നു. എന്നാൽ ഇതുവകവയ്ക്കാതെ പെൺകുട്ടി കാമുകനൊപ്പം പോകുകയായിരുന്നു. മകളെ മൃതദേഹം കാണിക്കരുതെന്ന് ആത്മഹത്യാകുറിപ്പ് എഴുതിവച്ചതിന് ശേഷമാണ് ദമ്പതികൾ ജീവനൊടുക്കിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)