രാഹുൽ ഗാന്ധി വയനാട്ടിൽ; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു

ചാലിഗദ്ദയിൽ മോഴയാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് ആദ്യം രാഹുൽ സന്ദർശനം നടത്തി. 20 മിനിറ്റോളം അജീഷിന്റെ കുടുംബാം​ഗങ്ങളുമായി സംസാരിച്ചു.

0
117

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി വയനാട്ടിലെത്തി. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ചാലിഗദ്ദ പടമലയില്‍ അജീഷിന്റെയും പാക്കത്ത് പോളിന്റെ വീട്ടിലും സന്ദര്‍ശനം നടത്തി. കഴിഞ്ഞ ഡിസംബറില്‍ കടുവ ആക്രമിച്ചുകൊന്ന പ്രജീഷിന്റെ കുടുംബത്തെയും കാണുമെന്നാണ് വിവരം. ഉച്ചക്ക് കല്‍പ്പറ്റയില്‍ അവലോകന യോഗത്തില്‍ പങ്കെടുത്ത് മടങ്ങും. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, എംഎൽഎമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ചാലിഗദ്ദയിൽ മോഴയാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് ആദ്യം രാഹുൽ സന്ദർശനം നടത്തി. 20 മിനിറ്റോളം അജീഷിന്റെ കുടുംബാം​ഗങ്ങളുമായി സംസാരിച്ചു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ വരാണസിയിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ രാഹുൽ ഗാന്ധി കണ്ണൂർ വിമാനത്താവളത്തിലെത്തി. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ വയനാട്ടിൽ എത്തുന്നത്. വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ വൻ പ്രതിഷേധം ഉയർന്നപ്പോൾ എംപി എവിടെയെന്ന ചോദ്യം ഉയർന്നിരുന്നു.

അതേസമയം വയനാട് പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ തുടരുന്നു. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ങ്ങളെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കടുത്ത പ്രതിഷേധം നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അക്രമ സംഭവങ്ങളില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസ്. എം എല്‍ എമാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും ആക്രമിച്ചതിലും മൃതദേഹം തടഞ്ഞതിലുമാണ് കേസ്.