കൽപ്പറ്റ: കാടിറങ്ങിയ വന്യമൃഗങ്ങൽ ജനവാസ മേഖലയിലെത്തി ആളുകളെ അക്രമിക്കുന്നതിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയും വലതുമുന്നണിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലിന് വയനാട്ടിൽ തുടക്കം. 20 ദിവസത്തിനിടെ മൂന്നു പേർ കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ മാത്രം മരിച്ച സാഹചര്യത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹർത്താൽ വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി വാഹനങ്ങൾ അടക്കം തടയുമെന്ന് ഹര്‍ത്താൽ അനുകൂലികൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് വനം വകുപ്പിന്റെ ഇക്കോ ടൂറിസം സെന്ററിലെ താൽക്കാലിക ജീവനക്കാരനായിരുന്ന പോളിനെ കുറുവ ദ്വീപിന് സമീപത്ത് വച്ച് കാട്ടാന ആക്രമിച്ചത്. ആദ്യം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുന്നൂറോളംപേർ വരുന്ന വനം വകുപ്പ് ദൗത്യസംഘം തിരുനെല്ലി പഞ്ചായത്തിലെ പനവല്ലയിൽ വനത്തിൽ കയറിയപ്പോഴാണ് ഇക്കോ ടൂറിസത്തിന്റെ ഭാഗമായ കുറുവാ ദ്വീപിൽ പോളിനെ കാട്ടാന കൊലപ്പെടുത്തുന്നത്.
കൊലയാന സമീപ പ്രദേശത്ത് ഉള്ളതിനാൽ, കുറുവാ ദ്വീപിലേക്ക് വരുന്നവരെ മടക്കി അയയ്ക്കാൻ വനപാതയിൽ നിൽക്കുകയായിരുന്നു പോൾ. കുട്ടിയാന അടക്കം അഞ്ച് ആനകളാണ് കടന്നുവന്നത്. അതിലൊന്ന് പോളിനെ പിന്തുടർന്ന് ചവിട്ടിക്കൊല്ലുകയായിരുന്നു. തൊഴിലുറപ്പിന് പോകുന്ന സ്ത്രീകൾ വാവിട്ട് നിലവിളിച്ചതോടെ ആനക്കൂട്ടം കാടുകയറി.