ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ ; സംഭവം കാഞ്ഞങ്ങാട്ട്

അമ്മയേയും ഭാര്യയേയും വിഷം കൊടുത്ത് കൊന്ന ശേഷം സൂര്യപ്രകാശ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം

0
129

കാസർകോട് : കാഞ്ഞങ്ങാട് ആവിക്കരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ആവിക്കര സ്വദേശി സൂര്യപ്രകാശ് ( 60), ഭാര്യ ഗീത ( 55 ), അമ്മ ലീല ( 90) എന്നിവരാണ് മരിച്ചത്.. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് സുചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. അയൽവാസികളാണ് മൂവരുടേയും മൃതദേഹം ആദ്യം കണ്ടത്. സൂര്യപ്രകാശിന്റെ മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിലും മറ്റ് രണ്ടുപേരുടെയും മൃതദേഹം കട്ടിലിലുമായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അമ്മയ്‌ക്കും ഭാര്യയ്‌ക്കും വിഷം നൽകിയ ശേഷം സൂര്യപ്രകാശ് തൂങ്ങിമരിച്ചുവെന്നാണ് പ്രാഥമിക നിഗമനം.

പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുടുംബത്തിന് മറ്റ് സാമ്പത്തിക ബാദ്ധ്യതകളുണ്ടോ എന്ന കാര്യം വ്യക്തമല്ല. സൂര്യകാശിന്റെ രണ്ട് മക്കളും വിവാഹം കഴിച്ച് വേറെ സ്ഥലങ്ങളിൽ താമസിക്കുകയാണ്. മകനെ മരണവിവരം അറിയിച്ചിട്ടുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിംഗ് കട നടത്തിവരികയായിരുന്നു സൂര്യപ്രകാശ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056)