ബേലൂർ മഖ്ന ദൗത്യം ഏഴാം ദിനം ; ‘പിടി തരാതെ കാട്ടാന, പിടുകൂടാൻ ഉറപ്പിച്ച് വനംവകുപ്പ്’

ഇടതൂർന്ന ചെങ്കുത്തായ വനമേഖലയും ഉയരത്തിലുള്ള കൊങ്ങിണി അടിക്കാടുകളും ദൗത്യസംഘത്തിനു വെല്ലുവിളിയാവുന്നുണ്ട്.

0
92

വയനാട് : ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടിവെക്കാനുള്ള വനംവകുപ്പിന്റെ ശ്രമം ഏഴാം ദിവസവും തുടരുന്നു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ്‌ മയക്കുവെടി വെക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. കർണ്ണാടകയിൽ നിന്നുള്ള വനപാലകരും ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്‌ . ഇടതൂർന്ന ചെങ്കുത്തായ വനമേഖലയും ഉയരത്തിലുള്ള കൊങ്ങിണി അടിക്കാടുകളും ദൗത്യസംഘത്തിനു വെല്ലുവിളിയാവുന്നുണ്ട്. അടുത്തടുത്ത് സിഗ്നലുകൾ ലഭിക്കുന്നുണ്ടെങ്കിലും വനപാലകസംഘത്തെ വട്ടംകറക്കുകയാണ് ആന.

അതേസമയം അടിക്കാടുകളും മറ്റും കാട്ടിനുള്ളിൽ മയക്കുവെടിവെക്കാനുള്ള ശ്രമങ്ങൾക്ക്‌ തിരിച്ചടിയാണ്‌. കൂടെയുള്ള മറ്റൊരു മോഴയാന വനപാലകർക്ക്‌ നേരെ തിരിയുന്നതും പ്രതിസന്ധിയാണ്‌. അനുയോജ്യ സാഹചര്യം വരെ ആനയെ പിന്തുടരാനും ട്രാക്കുചെയ്യാനുമാണ്‌ വനം വകുപ്പ്‌ ശ്രമിക്കുന്നത്‌. ഇരുനൂറംഗ കേരള ദൗത്യസംഘവും 25 അംഗ കർണാടക വനപാലകസംഘവുമുൾപ്പെടെ 225 പേരാണ് ആനയ്ക്കായി തിരച്ചിൽ നടത്തുന്നത്. ഇതിനുപുറമേ കുങ്കിയാനകളെയും ഡ്രോൺ ക്യാമറകളെയും പ്രയോജനപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ ദിവസവും ആനയുടെ തൊട്ടടുത്ത് വരെ ദൗത്യ സംഘം എത്തിയെങ്കിലും വെടിവയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള അനുകൂല സാഹചര്യം ലഭിച്ചില്ല. തുടർന്ന് ഇന്ന് രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. റവന്യു അധികാരികളും പൊലീസും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. നിലവില്‍ ആനയുടെ സഞ്ചാരമാണ് ദൗത്യം വൈകിപ്പിക്കുന്നത്. മറ്റൊരു മോഴയാന ഈ കാട്ടാനയ്‌ക്കൊപ്പം തുടരുന്നതും പ്രതിസന്ധിയാണ്.ഇരു കാട്ടാനകളേയും വേര്‍പെടുത്തിയ ശേഷമേ മയക്കുവെടി വെക്കാന്‍ സാധിക്കുകയുള്ളൂ. മയക്കുവെടിവെക്കാന്‍ സാധ്യമായ ഭൂപ്രദേശത്ത് ബേലൂര്‍ മഖ്‌നയെ എത്തിക്കണമെന്നതും വനംവകുപ്പിന് വെല്ലുവിളിയാണ്.