ഇലക്ട്രൽ ബോണ്ടില്‍ കേന്ദ്രത്തിന് വന്‍ തിരിച്ചടി ; ബോണ്ട് ഭരണഘടനാ വിരുദ്ധം, അസാധുവാക്കി സുപ്രിംകോടതി

ഇലക്ടറൽ ബോണ്ട് സംവിധാനം വിവരാവകാശം ലംഘിക്കുന്നു. കള്ളപണം തടയാനുള്ള നടപടി എന്ന പേരിൽ മാത്രം ഇത് മറച്ചു വയ്ക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

0
270

ഇലക്ട്രൽ ബോണ്ട് കേസിൽ സുപ്രിംകോടതിയുടെ നിർണായക വിധി. സ്കീം ഭരണഘടന വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബഞ്ച് ഉത്തരവിട്ടു. രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന സംഭാവന അറിയാനുള്ള അവകാശം വോട്ടർമാർക്കുണ്ട്. സംഭാവന നല്കുന്നവർക്ക് രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം കൂടും. രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനകൾ രഹസ്യമാക്കി വെക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്.

1000 രൂപ മുതൽ ബോണ്ടുകൾ ലഭ്യമാകും. എസ്ബിഐയുടെ നിശ്ചിത ശാഖകൾ മാത്രമേ ഇലക്ടറൽ ബോണ്ടുകൾ ലഭ്യമാകൂ. അതുകൊണ്ട് തന്നെ എസ്ബിഐയോട് വിവരങ്ങൾ അറിയിക്കാൻ സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്. 2019 മുതലുള്ള വിവരങ്ങൾ നൽകാനാണ് നിർദേശം. ഇലക്ടറൽ ബോണ്ട് സംവിധാനം വിവരാവകാശം ലംഘിക്കുന്നു. കള്ളപണം തടയാനുള്ള നടപടി എന്ന പേരിൽ മാത്രം ഇത് മറച്ചു വയ്ക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വ്യക്തികളുടെ സംഭാവനകളെക്കാൾ കമ്പനികളുടെ സംഭാവനകൾ രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം ചെലുത്തും. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരിച്ചടിയാണ്. ഇലക്ട്രൽ ബോണ്ടിനായി കമ്പനി നിയമത്തിൽ വരുത്തിയ ഭേദഗതി ഭരണഘടന വിരുദ്ധമെന്നും കോടതി വ്യക്തമാക്കി.

2018 മാർച്ചിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ പാസ്സാക്കിയതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ജനപ്രാതിനിധ്യ നിയമം, റിസർവ് ബേങ്ക് ഓഫ് ഇന്ത്യ ആക്ട്, ആദായനികുതി നിയമം തുടങ്ങി നിരവധി നിയമങ്ങൾ ഭേദഗതി ചെയ്താണ് പദ്ധതി നടപ്പാക്കിയത്. സ്റ്റേറ്റ് ബേങ്കിന്റെ പ്രത്യേക ശാഖകളിൽ നിന്ന് 1,000 രൂപ മുതൽ ഒരു ലക്ഷം വരെയുള്ള തുകയുടെ ബോണ്ടുകൾ വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാവുന്നതാണ് പദ്ധതി. ഇലക്ട്രൽ ബോണ്ടിൽ ആരാണ് പണം നൽകിയതെന്ന് വെളിപ്പെടുത്തേണ്ടതില്ല. സംഭാവന നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് ഹർജികളിൽ വിധി പറഞ്ഞത്. .ഇലക്ട്രൽ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടർമാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഹർജിക്കാരുടെ വാദം. സിപിഎം, ഡോ ജയ താക്കൂർ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്നിവരായിരുന്നു ഹർജിക്കാർ.