ഐസ്ക്രീം കഴിച്ചതിന് ശേഷം ഛർദിച്ചു, പിന്നാലെ ജീവൻ നഷ്ടമായി; അഞ്ച് വയസുകാരിയുടെ മരണ കാരണമറിയാൻ പോസ്റ്റുമോർട്ടം നടത്തും

. ഇടുക്കി മെഡിക്കൽ കോളേജിലോ കോട്ടയം മെഡിക്കൽ കോളേജിലോ കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തും. ശേഷം മൃതശരീരം കുടുംബത്തിന് വിട്ടുനൽകും.

0
122

ഇടുക്കി: വണ്ടിപ്പെരിയാറിൽ ഛർദിയെ തുടർന്ന് അഞ്ച് വയസുകാരി മരിച്ച സംഭവത്തിൽ മരണകാരണം അറിയാൻ പോസ്റ്റുമോർട്ടം നടത്തും. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഗവിയിൽ നിന്നും കുട്ടി ഐസ്ക്രീം കഴിച്ച ശേഷമാണ് ഛർദി തുടങ്ങിയതെന്നാണ് വീട്ടുകാർ പറയുന്നത്. ഛർദി നിക്കാത്തതിനെ തുടർന്ന് വള്ളക്കടവിലെ സ്വകാര്യ ആശുപത്രിൽ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്ക് ശേഷം വീട്ടിൽ പോയ കുട്ടിക്ക് വീണ്ടും ഛർദി തുടങ്ങിയതോടെ ആശുപത്രിയിലെത്തിക്കാനുള്ള യാത്രക്കിടെയാണ് മരണം സംഭവിച്ചത്.

ഇന്നലെ പകൽ സമയത്ത് മുത്തച്ഛനോടൊപ്പം കുട്ടി ​ഗവിയിലേക്ക് പോയിരുന്നു. അവിടെ നിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ചതായാണ് വീട്ടുകാർ പറയുന്നത്. തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് കുട്ടിയ്ക്ക് ഛ‍ർദിയുണ്ടായത്. തുടർന്ന് വൈകിട്ട് തന്നെ വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് പറഞ്ഞുവിട്ട കുട്ടി, പിന്നീട് ഭക്ഷണം കഴിച്ച ശേഷം കിടന്നുറങ്ങിയെങ്കിലും വീണ്ടും ഛർദിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ അതേ ആശുപത്രിയിലേക്ക് തന്നെ ചികിത്സക്കായി എത്തിച്ചു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കുട്ടി മരിച്ചത്.

കുട്ടിയുടെ മൃതദേഹം ഇപ്പോൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനെ തുടർന്നാണ് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിലോ കോട്ടയം മെഡിക്കൽ കോളേജിലോ കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തും. ശേഷം മൃതശരീരം കുടുംബത്തിന് വിട്ടുനൽകും.