തൃപ്പൂണിത്തുറ സ്ഫോടനം; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ ഭരണകൂടം

സ്ഫോടനത്തിൽ പൊലീസ് അന്വേഷണവും ഊർജിതമാണ്. സ്ഫോടക വസ്തുക്കൾ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്

0
192

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തില്‍ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഭരണകൂടം. സംഭവം സബ് കളക്ടർ അന്വേഷിക്കും. സ്ഫോടനത്തിൽ പൊലീസ് അന്വേഷണവും ഊർജിതമാണ്. സ്ഫോടക വസ്തുക്കൾ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ, കരാറുകാർക്കെതിരെ പോത്തൻകോട് പൊലീസും കേസെടുത്തിരുന്നു. അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനാണ് കേസെടുത്തത്. ആദർശിൻ്റെ സഹോദരൻ അഖിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കരാറുകാരൻ ആദർശിൻ്റെ സഹോദരൻ്റെ പേരിൽ വാടകക്കെടുത്ത വീട്ടിലാണ് സഫോടക വസ്തുക്കൾ ശേഖരിച്ചത്.

അതേസമയം, തൃപ്പൂണിത്തുറ ചൂരക്കാട് പടക്ക സംഭരണ ശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഇതുവരെ രണ്ട് പേരാണ് മരിച്ചത്. പടക്കശാലയിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി വിഷ്ണുവും മറ്റൊരു വ്യക്തിയായ 55 കാരൻ ദിവാകരനുമാണ് മരിച്ചത്. ഗുരുതര പൊള്ളലേറ്റ ദിവാകരൻ വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പൊലീസ് നടത്തിയ പരിശോധനയിൽ പടക്കങ്ങൾ സൂക്ഷിക്കാൻ അനുമതി ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ രാവിലെ 10.30 ആയിരുന്നു സ്ഫോടനം നടന്നത്. തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ചാണ് നാടിനെയാകെ നടുക്കിയ അപകടമുണ്ടായത്. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്.