വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു ; പൈലറ്റുമാർ രക്ഷപെട്ടത് അത്ഭുതകരമായി

സംഭവത്തില്‍ വ്യോമ സേന അന്വേഷണത്തിന് ഉത്തരവിട്ടു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷിച്ചുവരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

0
169

ദില്ലി: പശ്ചിമ ബംഗാളില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. പരിശീലന പറക്കലിനിടെ വിമാനത്തിന്‍റെ നിയന്ത്രണം നഷ്ടമായ ഉടനെ ഇജക്ട് സംവിധാനം ഉപയോഗിച്ച് വ്യോമസേന പൈലറ്റുമാര്‍ പാരച്യൂട്ടുകളില്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.

പശ്ചിമ ബംഗാളിലെ കലൈക്കുണ്ട എയര്‍ഫോഴ്സ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. എയര്‍ഫോഴ്സ് സ്റ്റേഷന് സമീപത്തെ ജനവാസ കേന്ദ്രത്തിലെ വയലിലാണ് വിമാനം തകര്‍ന്ന് വീണത്. ആളൊഴിഞ്ഞ സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്. ഇതിനാല്‍ തന്നെ വലിയ ദുരന്തമാണ് ഒഴിവായത്. . അപകടത്തില്‍ വിമാനം പൂര്‍ണമായും തകര്‍ന്നു.

അപകടത്തിൽ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവം നടന്ന ഉടനെ സ്ഥലത്ത് ആളുകള്‍ കൂടി. പശ്ചിമ ബംഗാള്‍ പൊലീസും വ്യോമസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തില്‍ വ്യോമ സേന അന്വേഷണത്തിന് ഉത്തരവിട്ടു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷിച്ചുവരുകയാണെന്നും അധികൃതര്‍ അറിയിച്ചു.