തൃപ്പൂണിത്തുറ സ്ഫോടനം: ഒരാൾ മരിച്ചു,16 പേർക്ക് പരിക്ക്, കരാറുകാരന്റെ ഗോഡൗണിൽ പൊലീസ് പരിശോധന

പൊട്ടിത്തെറി നടന്നയുടൻ ഗോഡൗണിൽ നിന്ന് വലിയ തോതിൽ സാധനങ്ങൾ മാറ്റിയിരുന്നു. പൊലീസ് പരിശോധനയിൽ ഗോഡൗണിൽ നിന്നും കഞ്ചാവ് കണ്ടെത്തി.

0
140

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സമീപത്തെ 45 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റർ അകലെ വരെ സ്ഫോടകാവശിഷ്ടങ്ങളെത്തി. ഒരു കിലോമീറ്റർ അകലെ നിന്നും വരെ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.

അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് കരാറുകാരന്റെ പോത്തൻകോട് ശാസ്തവട്ടം ഗോഡൗണിൽ പൊലീസ് പരിശോധന നടത്തി. ആളൊഴിഞ്ഞ പുരയിടത്തിൽ വലിയ പടക്കങ്ങൾ കണ്ടെത്തി. പോത്തൻകോട് പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പൊട്ടിത്തെറി നടന്നയുടൻ ഗോഡൗണിൽ നിന്ന് വലിയ തോതിൽ സാധനങ്ങൾ മാറ്റിയിരുന്നു. പൊലീസ് പരിശോധനയിൽ ഗോഡൗണിൽ നിന്നും കഞ്ചാവ് കണ്ടെത്തി. ശാസ്തവട്ടം സ്വദേശി ആദർശാണ് പടക്കം പൊട്ടിക്കുന്നതിന് കരാർ എടുത്തത്. പൊട്ടിത്തെറിയിൽ ആദർശിന് ഗുരുതര പരുക്ക് പറ്റി ചികിത്സയിലാണ്.

കേസിൽ രണ്ടുപേർ കൂടി കസ്റ്റഡിയിലായിരുന്നു. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി ഭാരവാഹികളെയാണ് കസ്റ്റഡിയിലെടുത്തത്. പടക്ക നിർമ്മാണശാലയിലെ രണ്ടു ജീവനക്കാർ നേരത്തെ കസ്റ്റഡിയിലായിരുന്നു. സംഭവത്തിൽ എക്സ്പ്ലോസിവ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഹിൽപാലസ് പൊലീസ് ആണ് കേസെടുത്തത്. ഭരണസമിതി, പടക്കം എത്തിച്ചവർ, ഉത്സവകമ്മിറ്റി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. വെടിക്കെട്ടിന് അനുമതിയില്ലായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചു.

തൃപ്പൂണ്ണിത്തുറ സ്ഫോടനത്തിൽ പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. കളമശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേർപ്പെടുത്താൻ ജില്ലാ മെഡിക്കൽ ഓഫീസർ നടപടി സ്വീകരിച്ചിട്ടുണ്ട്. തൃപ്പൂണ്ണിത്തുറ ആശുപത്രിയിലും കൂടുതൽ സൗകര്യങ്ങളൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ കനിവ് 108 ആംബുലൻസുകൾ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്ന് രാവിലെ 10.30 ആയിരുന്നു സ്ഫോടനം നടന്നത്. തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ചാണ് നാടിനെയാകെ നടുക്കിയ അപകടമുണ്ടായത്. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്.