മിഷന്‍ ബേലൂര്‍ മഖ്ന ഇനിയും വൈകും ; ദൗത്യസംഘം അടുത്ത് എത്തുമ്പോഴേക്കും ആന ഉൾക്കാട്ടിലേക്ക് നീങ്ങുന്നു, ദൗത്യം നാളെയും തുടരും

ദൗത്യം നാളെയും തുടരുമെന്ന് വനം വകുപ്പ് അറിയിച്ചു. 200 അംഗ ദൗത്യസേനയെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.

0
139

വയനാട്: മാനന്തവാടി പടമലയിൽ കർഷകനെ കൊലപ്പെടുത്തിയ ബേലൂർ മഖ്നെയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമം മൂന്നാം ദിനവും വിജയം കണ്ടില്ല. ദൗത്യസംഘം അടുത്ത് എത്തുമ്പോഴേക്കും ആന ഉൾക്കാട്ടിലേക്ക് നീങ്ങുന്നതാണ് വെല്ലുവിളി. മോഴയുടെ കലിയും പ്രതിസന്ധിയാണ്. ദൗത്യം നാളെയും തുടരുമെന്ന് വനം വകുപ്പ് അറിയിച്ചു. 200 അംഗ ദൗത്യസേനയെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.

തിങ്കളാഴ്ച അതിരാവിലെ തന്നെ ആനയെ പിടി കൂടാനുള്ള ദൗത്യം തുടങ്ങിയിരുന്നു. കാട്ടാനയുടെ ലൊക്ഷേഷന്‍ തിരിച്ചറിഞ്ഞത് പ്രകാരം ദൗത്യ സംഘം പത്ത് ടീമായി പിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം തുടർന്നു. ദൗത്യ സംഘത്തില്‍ നോര്‍ത്ത്, സൗത്ത് വയനാട് വന്യജീവി സങ്കേതം, നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് മണ്ണാര്‍ക്കാട്,കോഴിക്കോട് ആര്‍.അര്‍.ടി വിഭാഗത്തിലെ ഇരുനൂറോളം ജീവനക്കാര്‍ ഉൾപ്പെടുന്നു. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അനുകൂല സാഹചര്യം ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ആനയെ മയക്കുവെടി വെക്കാന്‍ ദൗത്യ സംഘം സജ്ജമാണ്.

ഇന്നലെ കുങ്കിയാനകൾക്ക് പുറത്തിരുന്ന് മയക്കു വെടിവെക്കാനായിരുന്നു ദൗത്യ സംഘത്തിന്റെ തീരുമാനം എന്നാൽ ഇന്ന് ഈ നീക്കം ഉപേക്ഷിച്ചു. കുറ്റിക്കാടുകൾ തന്നെയാണ് ദൗത്യം പൂർത്തിയാക്കാനുള്ള പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാട്ടുന്നത്. മരത്തിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഏറുമാടത്തിൽ തമ്പടിച്ച് ആനയെ ഈ പ്രദേശത്തേക്ക് എത്തിച്ച് വെടിവെക്കാൻ ആണ് ഒടുവിൽ തീരുമാനിച്ചിരുന്നത്.