മദ്യം നൽകുന്നതിനെ ചൊല്ലി തർക്കം ; ബാറില്‍ വെടിവെപ്പ്, രണ്ടു ജീവനക്കാർക്ക് പരുക്ക്

മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്. സംഘം ബാർ മാനേജരെ മർദിച്ച ശേഷം വെടിയുതിർക്കുകയായിരുന്നു.

0
151

കൊച്ചി: മദ്യം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കലൂരിലെ ഇടശ്ശേരി ബാറിൽ വെടിവെപ്പ്. രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ഒരാൾക്ക് ക്രൂര മർദ്ദനം. ബാര്‍ ജീവനക്കാരായ സിജിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപിക്കാനെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മദ്യം നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്. സംഘം ബാർ മാനേജരെ മർദിച്ച ശേഷം വെടിയുതിർക്കുകയായിരുന്നു. വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ കാറില്‍ തന്നെ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സിജിന്റെ വയറ്റിലും അഖിലിന്റെ കാലിനുമാണ് വെടിയേറ്റത്. ഇരുവരും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.