‘ദൗത്യ സംഘം സജ്ജം , ഏത് നിമിഷവും കാട്ടാനക്ക് വെടിയേൽക്കും’ ; മന്ത്രി എകെ ശശീന്ദ്രൻ

പടമലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ പനച്ചിയിൽ അജീഷിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് അൽഫോൻസാ ദേവാലയത്തിന്റെ സെമിത്തേരിയിൽ ആകും സംസ്കാരം

0
176

മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഉടൻ ആരംഭിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ആന ദൗത്യത്തിന് അനുയോഗജ്യമായ സ്ഥലത്ത് എത്തിയാൽ ഉടൻ മയക്കുവെടി വെയ്ക്കുമെന്ന് മന്ത്രി അറിയിച്ചു. ആനയെ ആർ ആർ ടി അകലമിട്ടു നിരീക്ഷിക്കുകയാണ്. കുന്നിൽ മുകളിൽ ഉള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാൻ ആകും ദൗത്യ സംഘം ശ്രമിക്കുക. രണ്ടു കുംകികൾ ഇതിനോടകം എത്തിയിട്ടുണ്ട്. രണ്ടുപേരെ കൂടി വൈകാതെ എത്തിക്കും. കൂടുതൽ വെറ്റിനറി ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി ദൗത്യ സംഘം വിപുലമാക്കിയിട്ടുണ്ട്. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനയെ പിടികൂടി അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കി.

ആനയെ പിടിച്ചാൽ മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും. ആനയെ ദൗത്യ സംഘം നിരീക്ഷിക്കുന്നുണ്ട്. വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അധികാരം സംസ്ഥാന സർക്കാരിന് ഉണ്ടെങ്കിൽ അത് പ്രയോഗിക്കുമല്ലോ എന്ന് മന്ത്രി പറഞ്ഞു. വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അനുവാദം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ മന്ത്രിമാരെ സന്ദർശിച്ചിരുന്നു. എന്നാൽ അനുകൂല നിലപാട് ലഭിച്ചില്ലെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം പടമലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ പനച്ചിയിൽ അജീഷിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് അൽഫോൻസാ ദേവാലയത്തിന്റെ സെമിത്തേരിയിൽ ആകും സംസ്കാരം. ഇന്നലെ രാത്രി എട്ടരയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷം 10 മണിയോടെ ആണ് മൃതശരീരം വീട്ടിൽ എത്തിച്ചത്. 2 മണിവരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും.