ഉദ്ഘാടനത്തിനൊരുങ്ങി കെഎസ്ആര്‍ടിസി ആലുവ ബസ് ടെര്‍മിനല്‍ ; യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത് മികച്ച സൗകര്യങ്ങളെന്ന് കെഎസ്ആര്‍ടിസി

30155 ചതുരശ്ര അടിയില്‍ രണ്ടു നിലകളിലായാണ് നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ബസ് സ്റ്റേഷന്‍ കെട്ടിടം.

0
125

ആലുവ: ആധുനിക സംവിധാനങ്ങളോടു കൂടി സജ്ജീകരിച്ച കെഎസ്ആര്‍ടിസി ആലുവ ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം ഇന്ന്. വൈകിട്ട് അഞ്ചു മണിക്ക് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആണ് ഉദ്ഘാടനം നിര്‍വഹിക്കുക. ചടങ്ങിൽ അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിക്കും. ഖ്യാതിഥികളായി ബെന്നി ബഹനാന്‍ എം.പി, ജെ ബി മേത്തര്‍ എം പി എന്നിവരു മറ്റു ജനപ്രതിനിധികളും പങ്കെടുക്കും.

യാത്രക്കാര്‍ക്കായി മികച്ച സൗകര്യങ്ങളാണ് ബസ് ടെര്‍മിനലില്‍ ഒരുക്കിയിട്ടുള്ളതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 30155 ചതുരശ്ര അടിയില്‍ രണ്ടു നിലകളിലായാണ് നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ബസ് സ്റ്റേഷന്‍ കെട്ടിടം. ഗ്രൗണ്ട് ഫ്‌ളോറില്‍ 18,520 ചതുരശ്ര അടി, ഒന്നാം നിലയില്‍ 11,635 ചതുരശ്ര അടി. ഗ്രൗണ്ട് ഫ്‌ളോറില്‍ ടിക്കറ്റ് കൗണ്ടര്‍, സ്റ്റേഷന്‍ ഓഫീസ്, പൊലീസ് എയ്ഡ് പോസ്റ്റ്, ആറ് സ്റ്റാളുകള്‍, 170 സീറ്റുകളുള്ള വെയിറ്റിങ്ങ് ഏരിയ, കാന്റീനും സ്ഥിതി ചെയ്യുന്നു. 4 ടോയ്‌ലറ്റുകള്‍, 8 യൂറിനുകള്‍, 3 വാഷ് ബെയ്സിനുകള്‍ അടങ്ങിയ ജെന്റ്‌സ് വെയിറ്റിങ്ങ് റൂമും, 4 ടോയ്‌ലറ്റുകള്‍, 3 വാഷ് ബെയ്സിന്‍ അടങ്ങിയ ലേഡീസ് വെയിറ്റിങ്ങ് റൂമും, അംഗപരിമിതര്‍ക്കുള്ള 2 ടോയ്‌ലറ്റുകളുമുണ്ട്.

ഒന്നാം നിലയില്‍ 5 ഓഫീസ് റൂം, 43 സീറ്റുള്ള വെയിറ്റിങ്ങ് ഏരിയ, 4 ടോയ്ലറ്റുകള്‍, 4 യൂറിനുകള്‍ ഉള്ള ജെന്റ്‌സ് വെയിറ്റിങ്ങ് റൂം, 4 ടോയ്ലറ്റുകള്‍ ഉള്ള ലേഡീസ് വെയിറ്റിങ്ങ് റൂം, അംഗപരിമിതര്‍ക്കുള്ള 1 ടോയ്‌ലറ്റ് എന്നിവയും സ്ഥിതി ചെയ്യുന്നു. ഒന്നാം നിലയിലേക്ക് കയറാന്‍ രണ്ടു ലിഫ്റ്റുകളും, 3 സ്റ്റെയര്‍ കേസുകളും, അഗ്‌നി ശമന സാമഗ്രികളും ക്രിമീകരിച്ചിട്ടുണ്ട്. മുന്‍ഭാഗത്ത് 18 ബസ് ബേകളടക്കം 30 ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഇരുചക്ര വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ്ങ് ഏരിയയും പുതിയ ബസ് സ്റ്റേഷനില്‍ ഉണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.