വയനാട്ടിലേക്ക് കൂടുതൽ ദൗത്യസംഘത്തെ അയയ്ക്കാൻ വനംമന്ത്രി; സംഭവം വളരെയധികം ഗൗരവമേറിയത്, ആലോചനയോഗം ഉടൻ

ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനാണ് ഇപ്പോഴത്തെ ശ്രമം. അവസാന മാർഗ്ഗമായി മാത്രമേ മയക്കുവെടി പരിഗണിക്കൂവെന്നും മന്ത്രി പറഞ്ഞു

0
116

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വനം മന്ത്രി എ.കെ ശശീന്ദ്രൻ. വളരെയേറെ ഉത്കണ്ഠയുണ്ടാക്കുന്ന വാർത്തയാണ് വയനാട്ടിൽ നിന്നും പുറത്തു വരുന്നത്. ആനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കർണാടക വനം വകുപ്പിൻ്റെ വീഴ്ചയെ കുറിച്ച് ഇപ്പോൾ പറയാനാകില്ല. വീട്ടു മുറ്റത്ത് വച്ചാണ് ആന ആക്രമിച്ചത്. സംഭവം വളരെയധികം ഗൗരവമേറിയത് തന്നെയാണെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ ടാസ്ക് ഫോഴ്സിനെ അയച്ച് നിലവിലെ സാഹചര്യം പരിഹരിക്കും. ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനാണ് ഇപ്പോഴത്തെ ശ്രമം. അവസാന മാർഗ്ഗമായി മാത്രമേ മയക്കുവെടി പരിഗണിക്കൂവെന്നും മന്ത്രി പറഞ്ഞു. അതേസമയം, കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ആലോചനയോ​ഗം ഉടനുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി അദ്ദേഹത്തിൻ്റെ സഹായത്തോടെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കും.

പ്രതിഷേധങ്ങൾ സ്വാഭാവികമായും ഉണ്ടാകും. ആനയെ പിടി കൂടാനുള്ള തീരുമാനം ആലോചിച്ച് എടുക്കും. ആന സ്നേഹികൾ വനം വകുപ്പ് പിരിച്ച് വിടണമെന്നാണ് പറയുന്നത്. സ്വാഭാവിക നടപടികൾ കൊണ്ട് മാത്രം വയനാട്ടിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാവും എന്ന് കരുതുന്നില്ല. കർണാടകയുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം റേഡിയോ കോളർ ഘടിപ്പിച്ച അപകടകാരിയായ കാട്ടാനയുടെ സാന്നിധ്യം തുടരുന്നതിനാൽ മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ കുറുക്കൻമൂല, കുറുവ, കാടൻകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തര പ്രാധാന്യമുള്ളതിനാൽ വാക്കാലുള്ള നിർദേശമാണ് നിലവിൽ പ്രഖ്യാപിച്ചത്.

ഇന്ന് രാവിലെയാണ് പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയില്‍ അജി (47) കാട്ടാനയുടെ ആക്രമണത്തിൽ വീട്ടുമുറ്റത്തുവച്ച് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിന്നാണ് അജി ആക്രമിക്കപ്പെട്ടത്. കര്‍ണാടകയുടെ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണിത്. പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ആശുപത്രിയില്‍ പ്രതിഷേധം തുടരുകയാണ്.