‘കട്ടെടുത്ത ബോട്ടുമായി കുവൈറ്റിൽ നിന്നും യാത്ര പുറപ്പെട്ടു, പത്താം ദിവസം മുംബൈയിൽ’ ; സാഹസിക യാത്രക്കൊടുവിൽ മൂന്ന് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ

രാജ്യാന്തര യാത്രാ ചട്ടങ്ങൾ പാലിക്കാതെ വിദേശബോട്ടിൽ എത്തിയ 3 പേരെയും കോടതി ശനിയാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

0
211

മുംബൈ : ചൊവ്വാഴ്ച രാവിലെയോടെ ഒരജ്ഞാത ബോട്ട് മുംബൈ തീരം ലക്ഷ്യമാക്കി വന്നു. ബോട്ടിലുണ്ടായത് മൂന്ന് പേർ. സംശയം തോന്നിയ തീരദേശ പോലീസ് മൂവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് ഒരു ത്രില്ലിം​ഗ് സ്റ്റോറി. കുവൈത്തിൽ ജോലി ചെയ്യുകയായിരുന്ന ഇവർ, തൊഴിലുടമയുടെ പീഡനം സഹിക്കവയ്യാതെയാണ് ബോട്ട് മോഷ്ടിച്ച് അവിടെ നിന്നും സാഹസിക യാത്ര നടത്തിയതെന്നാണ് പോലീസിനോട് പറഞ്ഞത്.

കന്യാകുമാരി സ്വദേശികളായ നിറ്റ്സോ ഡിറ്റോ (31), വിജയ് അന്തോണി (29), ജെ.അനീഷ് (29) എന്നീ മത്സ്യത്തൊഴിലാളികളായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ജനുവരി 28നാണ് തൊഴിലുടമയുടെ ബോട്ട് തട്ടിയെടുത്ത് ഇവർ നാട്ടിലേക്കു പുറപ്പെട്ടത്. തുടർന്ന് സൗദി അറേബ്യ, ഖത്തർ, ദുബായ്, മസ്കത്ത്, ഒമാൻ, പാക്കിസ്ഥാൻ വഴി 10–ാം ദിവസം മുംബെയിലെത്തി. യാത്രാരേഖകളെ അനുമതികളോ മറ്റു സംവിധാനങ്ങളോ ഒന്നുമില്ലാതെ, പല രാജ്യങ്ങളിലെ സേനകളെ മറികടന്നുള്ള സാഹസികയാത്ര. രാജ്യാന്തര യാത്രാ ചട്ടങ്ങൾ പാലിക്കാതെ വിദേശബോട്ടിൽ എത്തിയ 3 പേരെയും കോടതി ശനിയാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

2 വർഷം മുൻപാണ് തിരുവനന്തപുരം വിമാനത്താവളം വഴി ഇവർ കുവൈത്തിലെത്തിയത്. ക്യാപ്റ്റൻ മദൻ എന്ന ഏജന്റ് മുഖേന കുവൈത്തിലെത്തിയ 3 പേരും അബ്ദുല്ല ഷർഹീദ് എന്നയാൾക്കു കീഴിലാണ് ജോലി ചെയ്തിരുന്നത്. അയാൾ പാസ്പോർട്ട് പിടിച്ചുവച്ചെന്നും കൃത്യമായ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നൽകാതെ പീഡിപ്പിച്ചെന്നുമാണ് ആരോപണം. അവിടെ ഇവർ കടുത്ത തൊഴിൽപീഡനമാണു നേരിട്ടിരുന്നതെന്നും പൊലീസിലും ഇന്ത്യൻ എംബസിയിലും അറിയിച്ചിട്ടും നടപടിയുണ്ടാകാതെ വന്നതോടെ തൊഴിലുടമയുടെ ബോട്ടുമായി രക്ഷപ്പെടുകയായിരുന്നെന്നും ഇവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

യാത്രാപാത സംബന്ധിച്ച അവകാശവാദങ്ങൾ ശരിയാണോയെന്ന് ഉറപ്പിക്കാൻ ബോട്ടിൽനിന്നു കണ്ടെത്തിയ ജിപിഎസ് ഉപകരണങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ബോംബ് സ്ക്വാഡ്, ബോട്ട് പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. രാജ്യാന്തര അതിർത്തികൾ പിന്നിട്ടെത്തിയ സംഘം ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും വിവിധ ഏജൻസികൾ അന്വേഷിക്കുകയാണ്. അതേസമയം, പഴുതടച്ച സമുദ്രസുരക്ഷയെക്കുറിച്ച് ഇന്ത്യ അവകാശവാദം ആവർത്തിക്കുന്നതിനിടെ, മത്സ്യത്തൊഴിലാളികൾ കുവൈത്തിൽനിന്നു കടൽമാർഗം മുംബൈയിലെത്തിയത് വലിയ സുരക്ഷാവീഴ്ചയാണ് കണക്കാക്കുന്നത്.