നിരന്തരം ഫോൺവിളികളിലൂടെ പ്രണയ നാടകം, ഒടുവിൽ വിവാഹം വാ​ഗ്ദാനം നൽകി പീഡനം ; പ്രതിക്ക് 31 വർഷം തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി

കേസിൽ 23 സാക്ഷികളെ വിസ്തരിക്കുകയും , നിരവധി രേഖകളും, മറ്റു തെളിവുകളും പരിശോധിച്ചാണ് വിധി പ്രസ്താവിച്ചത്.

0
199

തൃശൂർ: സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം വിവാഹ വാഗ്ദാനം നൽകി പീഠിപ്പിച്ച കേസിൽ യുവാവിന് തടവ് ശിക്ഷ. കുന്നംകുളം പോക്സോ കോടതിയാണ് 31 വർഷം തടവിനും 1.45 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. ചെമ്മന്തിട്ട പഴുന്നാനപാറപ്പുറത്ത് ബഷീറിനെ (32)യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എസ് ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

2017 -ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോളേജിന് സമീപത്തെ കോഴിക്കടയിലെ ഇറച്ചിവെട്ടുകാരനാണ് പ്രതിയായ ബഷീർ. വിദ്യാർഥിനി സ്കൂളിൽ നിന്ന് വരുന്ന വഴിയിൽ പ്രതി മൊബൈൽ നമ്പർ എഴുതി നൽകി. പിന്നീട് നിരന്തരമായ ഫോൺ വിളികളിലൂടെ വിദ്യാർത്ഥിനിയോട് പ്രണയം നടിച്ചു. തുടർന്ന് വിവാഹ വാഗ്ദാനം നൽകിയുമാണ് കുട്ടിയെ പ്രതി വശീകരിച്ചത്. തുടർന്ന് അതിജീവതിയുടെ വീട്ടിൽ എത്തിയ പ്രതി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. കുട്ടി സംഭവം വീട്ടിൽ പറഞ്ഞതിനെ തുടർന്നാണ് വീട്ടുകാർ കുന്നംകുളം പൊലീസിൽ പരാതി നൽകിയത്.

കുന്നംകുളം എസ്ഐയായിരുന്ന യു കെ. ഷാജഹാന്റെ നേതൃത്വത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് കുന്നംകുളം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജേഷ് കെ. മേനോൻ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കുന്നംകുളം ഇൻസ്‌പെക്ടറായിരുന്ന ജി ഗോപകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ 23 സാക്ഷികളെ വിസ്തരിക്കുകയും , നിരവധി രേഖകളും, മറ്റു തെളിവുകളും പരിശോധിച്ചാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യുഷനനു വേണ്ടി അഡ്വ. കെഎസ് ബിനോയിയും പ്രോസിക്യുഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അനുഷ , രഞ്ജിക കെ. ചന്ദ്രൻ എന്നിവരും കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രശോഭും പ്രവർത്തിച്ചു.