‘ചരിത്ര പോരാട്ടത്തിന് വേദിയായി ദില്ലിയിലെ കേരളത്തിന്റെ സമരം’ ; കേരളത്തിന് പിന്തുണയുമായി ദേശീയ പ്രതിപക്ഷ നേതാക്കള്‍, സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ സമരം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തന്നെ ചരിത്രത്തിലെ ചുവന്ന അക്ഷരങ്ങളായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

0
223

കേന്ദ്രസർക്കാർ അവ​ഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്ത്വത്തിൽ ജന്തർ മന്തറിൽ നടന്ന പ്രതിഷേധ ധർണ്ണ ചരിത്രപരമായ പോരാട്ടത്തിന് വേദിയായി മാറി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ, ഡി എം കെ മന്ത്രി പളനിവേല്‍ ത്യാഗരാജന്‍, കപില്‍ സിബല്‍ അടക്കം ദേശീയ പ്രതിപക്ഷ നേതാക്കള്‍ കേരളത്തിന് പിന്തുണയുമായി എത്തി.

കേരളത്തിന്റെ സമരം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തന്നെ ചരിത്രത്തിലെ ചുവന്ന അക്ഷരങ്ങളായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന് പ്രതിപക്ഷ സംസ്ഥാനങ്ങളോട് അവഗണനയുണ്ട്. ഫെഡറൽ സംവിധാനം സംരക്ഷിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പല സംസ്ഥാനങ്ങളുടെയും വിവിധ മേഖലകളുടെയും സുഗമമായ നടത്തിപ്പിന് കേന്ദ്രസർക്കാർ തടസം നിൽക്കുകയാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലും ആവശ്യമില്ലാതെ കേന്ദ്രം ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍മാരെയും അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ അധികാരം കയ്യേറുകയാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കാര്‍ഷിക സംസ്ഥാനമായ പഞ്ചാബിനോടുള്ള മോദി സര്‍ക്കാരിന്റെ അവഗണന അക്കമിട്ട് നിരത്തികൊണ്ടായിരുന്നു മുഖ്യമന്ത്രി ഭഗവത് മന്‍ പ്രസംഗിച്ചത്.പ്രതിപക്ഷം ഒറ്റക്കെട്ടായി നേരിടണമെന്ന ആഹ്വാനമാണ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള നടത്തിയത്.ഈ പോരാട്ടം നമ്മള്‍ വിജയിക്കുമെന്നും രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം നടക്കില്ലെന്നും സീതാറാ യെച്ചൂരി പറഞ്ഞു.

കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ നിലകൊളളുന്നതെന്നും സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ അനുവദിക്കില്ലെന്നും ഡി രാജ പറഞ്ഞു.ബിജെപി ഇതര സംസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഡിഎംകെ മന്ത്രി പിടിആര്‍ പറഞ്ഞു.കേരളത്തിന്റെ സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സന്ദേശവും സദസ്സില്‍ വായിച്ചു. തമിഴ്നാട് രാജ്യസഭാ എംപി തിരുച്ചി ശിവയും പ്രതിഷേധ സദയില്‍ പിന്തുണയുമായെത്തി.