തിരുവനന്തപുരം: മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളി നടേശന് ക്ലീൻ ചിറ്റ് . വിഎസ് അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് കേസ് അവസാനിപ്പിക്കാൻ വിജിലൻസ് ഒരുങ്ങുന്നത്. കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കണമെന്ന് കാണിച്ച് തൃശൂർ വിജിലൻസ് കോടതി അച്യുതാനന്ദന് നോട്ടീസ് അയച്ചു. പിന്നാക്ക വികസന കോർപ്പറേഷനിലെ ഉന്നതരുടെ സഹായത്തോടെ നടന്ന കേടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിഎസ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലൻസ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സംസ്ഥാനത്തുടനീളം 124 കേസുകളാണ് വിജിലൻസ് അന്വേഷിച്ചത്.
ഹൈക്കോടതി നിർദ്ദേശ പ്രകാരം എറണാകുളം റെയ്ഞ്ച് എസ്പി ഹിമേന്ദ്രനാഥാണ് അന്വേഷണങ്ങള്‍ ഏകോപിച്ചത്. വിജിലൻസ് അന്വേഷിച്ചതിൽ അഞ്ചുകേസുകളാണ് എഴുതി തളളാൻ തീരുമാനിച്ചത്. മൈക്രോ ഫിനാൻസ് വായ്പകളായി നൽകിയ പണം സർക്കാരിലേക്ക് തിരികെ അടച്ചുവെന്നും താഴേതട്ടിലേക്ക് പണം നൽകിയതിൽ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലൻസിൻെറ ഇപ്പോഴത്തെ കണ്ടെത്തൽ. 54 കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ കേസുകളിലും വെള്ളാപ്പള്ളിക്ക് അനുകൂലമായാണ് റിപ്പോർട്ട് എന്നാണ് വിവരം. ഈ റിപ്പോർട്ടുകളും വൈകാതെ കോടതിയിലെത്തും.
എൻഡിപി യോഗത്തിന് ലഭിച്ച 15 കോടിയുടെ വായ്പ ശാഖകൾ വഴി വിതരണം ചെയ്തത് 10 മുതൽ 15 ശതമാനം വരെ പലിശക്കായിരുന്നു. 5 ശതമാനത്തിൽ താഴെ മാത്രമേ പലിശ ഈടാക്കാവൂ എന്ന വ്യവസ്ഥ നിലനിൽക്കെയായിരുന്നു ഇത്. പല ശാഖകളും ഇങ്ങനെ ലഭിച്ച പണം ദുർവിനിയോഗം ചെയ്യുകയായിരുന്നെന്നും വിജിലൻലസ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.