കുടുംബവഴക്കിനെ തുടർന്ന് വീട് വിട്ടിറങ്ങി അഞ്ച് പേർ ; കാണ്മാനില്ലെന്ന പരാതിയിൽ അന്വേഷണം നടന്നത് രണ്ടാഴ്ച, സംഭവം വാർത്തയായതോടെ കുടംബം പൊലീസ് സ്റ്റേഷനിലെത്തി

മധുഷെട്ടിയും സ്വപ്നയും തമ്മില്‍ വല്ലപ്പോഴും വഴക്കുണ്ടാവാറുണ്ടെന്നും എന്നാല്‍ ഇത്തരത്തില്‍ വീടു വിട്ടുപോകാന്‍ മാത്രമുള്ള പ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ലെന്നും സമീപ വീട്ടുകാര്‍ പറഞ്ഞിരുന്നു.

0
127

കോഴിക്കോട്: രണ്ടാഴ്ച നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഭാര്യയും രണ്ട് മക്കളും ഉള്‍പ്പെടെ കാണാതായ ഒരു കുടുംബത്തിലെ അഞ്ച് പേരും പോലീസ് സ്റ്റേഷനിലെത്തി. കോഴിക്കോട് കൂരാച്ചുണ്ട് എരപ്പാംതോട് താമസിക്കുന്ന മധുഷെട്ടിയുടെ ഭാര്യ സ്വപ്ന, മക്കളായ പൂജശ്രീ (13) കാവ്യശ്രീ (12) സ്വപ്നയുടെ സഹോദരിയുടെ മക്കളായ ഭാരതി (18) തേജ് (17), എന്നിവരെയാണ് കഴിഞ്ഞ മാസം 20 മുതല്‍ കാണാതായത്. തുടര്‍ന്ന് 24ന് മധു ഷെട്ടി പൊലീസില്‍ പരാതിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടന്നുവരികയായിരുന്നു.

സര്‍ക്കസുകാരായ മധുഷെട്ടിയും കുടുബവും കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി കൂരാച്ചുണ്ടിലാണ് താമസിക്കുന്നത്. മധുഷെട്ടിയും സ്വപ്നയും തമ്മില്‍ വല്ലപ്പോഴും വഴക്കുണ്ടാവാറുണ്ടെന്നും എന്നാല്‍ ഇത്തരത്തില്‍ വീടു വിട്ടുപോകാന്‍ മാത്രമുള്ള പ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ലെന്നും സമീപ വീട്ടുകാര്‍ പറഞ്ഞിരുന്നു. ശബരിമലയില്‍ ദര്‍ശനത്തിന് പോയി മടങ്ങിയെത്തിയ മധുഷെട്ടി ഇവരെ കാണാതാകുന്നതിന്റെ തലേ ദിവസം മദ്യപിച്ചെത്തിയതായും ഇതിന്റെ പേരില്‍ ചെറിയ വാക്കുതര്‍ക്കമുണ്ടായതായും സൂചനയുണ്ട്.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഇവര്‍ വീടുവിട്ടതെന്നാണ് പോലീസ് പറയുന്നത്. സംഭവം വലിയ വാര്‍ത്തയായത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കുടുംബം കഴിഞ്ഞ ദിവസം കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷനില്‍ തിരികെയെത്തിയത്. ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഇവര്‍ കൂടെ പോകാന്‍ കൂട്ടാക്കിയിരുന്നില്ല.പൊലീസ് ഇവരില്‍ നിന്ന് മൊഴിയെടുക്കുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.